ചിക്കബല്ലാപുര (കര്‍ണാടക): പൊലീസ് സ്‌റ്റേഷനിലേക്ക് ആക്രമണം നടത്തുന്നവരെ നേരിടാന്‍ ഉദ്യോഗസ്ഥര്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുക പതിവാണ്. എന്നാല്‍ സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ നശിപ്പിക്കുന്നത് ഒരു കൂട്ടം എലികള്‍ ആയാലോ? ജലപീരങ്കിയും, ലാത്തിയും തോക്കും പ്രയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പൂച്ചകളുടെ സഹായം തേടിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.
കര്‍ണാടകയിലെ ചിക്കാബല്ലാപുരയിലെ പൊലീസ് സ്‌റ്റേഷനിലാണ് എലികളെ നേരിടാന്‍ പൊലീസ് പൂച്ചകളെ ഇറക്കിയത്. തുടര്‍ച്ചയായി സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ എലികള്‍ നശിപ്പിക്കുന്ന സാഹചര്യത്തിലാണ് നടപടി. എലികളുടെ ആക്രമണം തടയാന്‍ രണ്ട് പൂച്ചകളെയാണ് സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ വളര്‍ത്തുന്നത്.
സ്‌റ്റേഷനിലേക്ക് പുതിയ ജോലിക്കാര്‍ എത്തിയതോടെ തങ്ങളുടെ ജോലിയും സുഗമമായി നടക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 'പൂച്ച പൊലീസിന്‍റെ' വരവോടെ എലികള്‍ നശിപ്പിക്കുന്ന രേഖകളുടെ എണ്ണവും സ്‌റ്റേഷനില്‍ കുറഞ്ഞിട്ടുണ്ട്. പൊലീസ് സ്വീകരിച്ച ഈ അപൂര്‍വ നടപടിക്ക് സമൂഹത്തിന്‍റെ പല ഭാഗത്ത് നിന്നും അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.