ബെംഗളൂരു: സ്വന്തമായി ഒരു വീട്, അതിൽ ഒരുപാട് കാലം ജീവിക്കുക ഇതൊക്കെ ഏതൊരാളുടെയും സ്വപ്‌നമാണ്. സാധാരണ നമ്മുടെയൊക്കെ വീടുകൾ ഏകദേശം 50 വര്‍ഷം മുതല്‍ 100 വര്‍ഷം വരെ നിലനില്‍ക്കുന്നവയാണ്. എന്നാല്‍ 200 വര്‍ഷം പഴക്കമുള്ള ഒരു വീടുണ്ട് കർണാടകയിൽ. നരഗുണ്ട താലൂക്കിലെ ഷിരോല ഗ്രാമത്തിലുള്ള മനോഹര വസ്‌ത്രാദയുടെ വീടാണ് 200 വര്‍ഷം പഴക്കമുള്ളത്. ഇത്രയും വർഷം പഴക്കമുണ്ടെന്ന് മാത്രമല്ല എഞ്ചിനീയര്‍മാര്‍ക്ക് പോലും വിസ്മയമായി മാറുകയാണ് വീട്. ഇത്രയും വര്‍ഷമായിട്ടും ചെറിയൊരു അറ്റക്കുറ്റ പണിപോലും ഈ വീടിന് നടത്തേണ്ടി വന്നിട്ടില്ല.
ചന്നവീരായ വസ്‌ത്രാദയാണ് ഈ വീടിന്‍റെ മുൻ അവകാശി. അദ്ദേഹത്തിന്‍റെ നാലാം തലമുറയില്‍പ്പെട്ടവരാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. ഏകദേശം രണ്ടേക്കര്‍ വിസ്‌തൃതിയുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വീടിന്‍റെ ചുമരുകൾ നിർമിച്ചിരിക്കുന്നത് മണ്ണു കൊണ്ടാണ്. സാധാരണ മണ്ണു കൊണ്ട് നിർമിച്ച ഈ വീടിന്‍റെ ചുമരുകൾ വളരെ ബലമുള്ളവയാണ്. ഇതുവരെ യാതൊരു അറ്റകുറ്റ പണികളും ഇതുവരെ നടത്തേണ്ടി വന്നിട്ടില്ല. മുന്‍പുണ്ടായിരുന്ന അതേ രൂപത്തില്‍ തന്നെ വീടിനെ സംരക്ഷിച്ച് നിർത്തിയിരിക്കുകയാണ് ഈ കുടുംബം.
ഇരുപത് മുറികളുള്ള ഈ വീടിന് ഏകദേശം 200 ഉത്തരങ്ങളും 15 വാതിലുകളും 20 തൂണുകളുമുണ്ട്. മനോഹരമായ ഈ വീടിന്‍റെ അകത്തളങ്ങള്‍ കണ്ടാൽ ഒരു കൊട്ടാരത്തിന്‍റെ ഉള്‍വശം പോലെ തോന്നിക്കും. തേക്കിന്‍റെ തടി ഉപയോഗിച്ച് നിർമിച്ചിരിക്കുന്നതിനാൽ കാലപ്പഴക്കം വന്ന് നശിക്കാൻ സാധ്യതയില്ല. 20 അടി മുതല്‍ 30 അടി വരെ ഉയരമുണ്ട് ചുമരുകള്‍ക്ക്. അൻപതു പേർ ഉള്‍പ്പെടുന്ന ഒരു കൂട്ടുകുടുംബമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഏകദേശം 100 ഏക്കറോളം കൃഷിയിടവും ഇവർക്കുണ്ട്.
പഴയ രീതിയിലുള്ള അഞ്ച് അടുപ്പുകള്‍ ഇപ്പോഴും ഈ വീട്ടിലുണ്ട്. ഈ അടുപ്പുകളില്‍ മാത്രമാണ് ഇവിടെ പാചകം ചെയ്യുന്നത്. തണുപ്പ് നിറഞ്ഞ അകത്തളങ്ങളുള്ള ഈ വീട് വേനല്‍ക്കാലത്തിന് അനുയോജ്യമാണ്. വീടിനകത്തേക്ക് കടക്കുമ്പോൾ കുളിർമയും ഒപ്പം സ്വന്തം വീട്ടിലെത്തിയ പ്രതീതിയുമാണ് അനുഭവപ്പെടുന്നത്. ഏകദേശം അഞ്ച് മുതല്‍ ആറ് കോടി രൂപവരെ വിലയുണ്ടാകും ഈ വീടിനിപ്പോൾ. മണ്ണില്‍ തീര്‍ത്ത ചുമരുകളും മരത്തടി കൊണ്ടുണ്ടാക്കിയ മേല്‍ക്കൂരയും ഒക്കെ ചേർന്ന് വ്യത്യസ്‌തമായ അനുഭവം നൽകുകയാണ് 200 വർഷം പഴക്കമുള്ള ഈ വീട്.