ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയില്‍ വകുപ്പുകള്‍ വിഭജിച്ചു. ധനകാര്യ വകുപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ കൈകാര്യം ചെയ്യും. ബെംഗളൂരു വികസന, ജലവിഭവ വകുപ്പുകളുടെ ചുമതല ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനാണ്. 34 മന്ത്രിമാരുടേയും വകുപ്പ് വിഭജനം സംബന്ധിച്ച് സംസ്ഥാന ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.
ഗതാഗത വകുപ്പ് രാമലിംഗ റെഡ്ഡിക്ക്: മുതിർന്ന മന്ത്രി രാമലിംഗ റെഡ്ഡി ഉൾപ്പെടെ നിരവധി പേര്‍ ബെംഗളൂരു വികസന വകുപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവയെല്ലാം തള്ളി വകുപ്പ് ഒടുവിൽ ഡികെ ശിവകുമാറിന് നൽകുകയായിരുന്നു. ഗതാഗത വകുപ്പ് രാമലിംഗ റെഡ്ഡിക്ക് നല്‍കിയെങ്കിലും അദ്ദേഹം തികഞ്ഞ അതൃപ്‌തി പ്രകടിപ്പിക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഇന്നലെ (28.05.2023) രാമലിംഗ റെഡ്ഡിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് റെഡ്ഡി വഴങ്ങിയത്.
![Karnataka ministerial posts Allocation Karnataka ministers Karnataka Govt ധനകാര്യം സിദ്ധരാമയ്യയ്‌ക്ക് ഡികെ ശിവകുമാറിന് ബെംഗളൂരു വികസനം കര്‍ണാടക മന്ത്രിസഭയില്‍ വകുപ്പുകള്‍ വിഭജിച്ചു കര്‍ണാടക മന്ത്രിസഭ രാമലിംഗ റെഡ്ഡി](https://etvbharatimages.akamaized.net/etvbharat/prod-images/18620733_kta.png)
സഭയിലെ മറ്റൊരു മുതിര്‍ന്ന മന്ത്രിയായ ഡോ. ജി പരമേശ്വര്‍ ആഭ്യന്തര വകുപ്പ് നൽകിയതില്‍ അതൃപ്‌തി രേഖപ്പെടുത്തി. ഒടുവിൽ ആഭ്യന്തര വകുപ്പ് തന്നെ അദ്ദേഹത്തിന് നല്‍കുകയായിരുന്നു. 2013ലെ സിദ്ധരാമയ്യ സർക്കാരിലും ആഭ്യന്തരവകുപ്പ് പരമേശ്വറിന് നൽകിയിരുന്നു.
ഡോ. എച്ച്സി മഹാദേവപ്പയ്ക്ക് സാമൂഹ്യക്ഷേമം: 2013-ലെ സിദ്ധരാമയ്യ സർക്കാരിൽ പലർക്കും ഉണ്ടായിരുന്ന വകുപ്പുകള്‍ ഇത്തവണത്തെ മന്ത്രിസഭയിൽ ലഭ്യമല്ല. സിദ്ധരാമയ്യയുടെ പ്രിയങ്കരനായ ഡോ. എച്ച്സി മഹാദേവപ്പയ്ക്ക് പബ്ലിക് യൂട്ടിലിറ്റി വകുപ്പാണ് നേരത്തെ നൽകിയിരുന്നത്. സാമൂഹ്യക്ഷേമ വകുപ്പ് ചുമതലയാണ് ഇത്തവണ മഹാദേവപ്പയ്‌ക്ക്.
![Karnataka ministerial posts Allocation Karnataka ministers Karnataka Govt ധനകാര്യം സിദ്ധരാമയ്യയ്‌ക്ക് ഡികെ ശിവകുമാറിന് ബെംഗളൂരു വികസനം കര്‍ണാടക മന്ത്രിസഭയില്‍ വകുപ്പുകള്‍ വിഭജിച്ചു കര്‍ണാടക മന്ത്രിസഭ രാമലിംഗ റെഡ്ഡി](https://etvbharatimages.akamaized.net/etvbharat/prod-images/18620733_kttaa.png)
കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്‍റെ കാലത്ത് മുതിർന്ന മന്ത്രി എംബി പാട്ടീലിന് ജലവിഭവ വകുപ്പായിരുന്നു നൽകിയിരുന്നത്. എന്നാല്‍ ഇത്തവണ വൻകിട വ്യവസായ വകുപ്പാണ് അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്. 2013ലെ സര്‍ക്കാരില്‍ ആഭ്യന്തരം, ബാംഗ്ലൂർ വികസനം എന്നീ വകുപ്പുകളുടെ ചുമതകള്‍ വഹിച്ചിരുന്ന കെജെ ജോർജിന് ഊർജവകുപ്പിന്‍റെ ചുമതലയാണ് ഇത്തവണ നൽകിയത്. കൃഷ്‌ണ ബൈരഗൗഡയ്ക്ക് നേരത്തെ നിയമ, പാർലമെന്ററി കാര്യ വകുപ്പുകൾ നൽകിയിരുന്നു. എന്നാല്‍ പുതിയ മന്ത്രിസഭയില്‍ റവന്യൂ വകുപ്പ് മന്ത്രിയാണ് അദ്ദേഹം.
അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് ധനകാര്യ വകുപ്പിന് പുറമെ, ഭരണപരിഷ്‌കാരങ്ങൾ, ഇന്‍റലിജൻസ്, ഇൻഫർമേഷൻ, ഐടി ബിടി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുമുണ്ട്.
ഏറെ നാടകീയ രംഗങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവിലായിരുന്നു കര്‍ണാടകയില്‍ മുഖ്യമന്ത്രി കാര്യത്തില്‍ അന്തിമ തീരുമാനം ആയത്. അഞ്ച് ദിവസമാണ് കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയത്. ഒടുവില്‍ സിദ്ധരാമയ്യക്ക് നറുക്ക് വീണു. മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കില്‍ അസംബ്ലിയിലേക്ക് തന്നെ ഇല്ലെന്ന് പ്രതികരിച്ച ഡികെ ശിവകുമാറിന് ഒടുക്കം ഉപമുഖ്യമന്ത്രി സ്ഥാനത്തില്‍ തൃപ്‌തിപ്പെടേണ്ടിവന്നു.
എന്നാല്‍ അനിശ്ചിതത്വത്തവും തര്‍ക്കവും അവിടം കൊണ്ടൊന്നും തീര്‍ന്നില്ല. മെയ് 20ന് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒപ്പം എട്ട് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. പിന്നാലെ രണ്ടാം ഘട്ടത്തില്‍ ചുമതയേല്‍ക്കുന്ന മന്ത്രിമാരെ ചുറ്റിപ്പറ്റി അടുത്ത തര്‍ക്കം ഉടലെടുത്തു. രണ്ട് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മെയ് 26ന് വൈകിട്ടാണ് മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആയത്. മെയ് 27ന് 24 എംഎല്‍എമാര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതയേറ്റു.