ബംഗളൂരു: ബംഗളൂരുവിൽ മൂന്ന് സ്‌ത്രീകൾ ഉൾപ്പടെ ആറംഗ സംഘം യുവാവിനെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. കെപി അഗ്രഹാരയിലെ അഞ്ചാം ക്രോസ് ഏരിയയിൽ ശനിയാഴ്‌ച (04-12-2022) രാത്രിയോടെയായിരുന്നു സംഭവം. ബാഗൽകോട്ട് ജില്ലയിലെ ബദാമി സ്വദേശി ബാലപ്പ ജാംഖണ്ഡിയാണ് മരിച്ചത്.
കൊലപാതകത്തിന്‍റെ കാരണം വ്യക്‌തമല്ല. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. യുവാവുമായി സംഘം വാക്കുതർക്കത്തിലേർപ്പെടുന്നതും ശേഷം കല്ലുകൊണ്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അഞ്ച് പേർ ചേർന്ന് ബാലപ്പയെ പിടിച്ചുവെയ്‌ക്കുന്നതും മറ്റൊരാൾ വലിയ കല്ല് യുവാവിന്‍റെ തലയിലേക്ക് തുടർച്ചയായി എറിയുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്. തുടർന്ന് യുവാവ് മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്രതികളെല്ലാം ഓടി രക്ഷപ്പെടുകയായിരുന്നു. യുവാവിന്‍റെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.
പൊലീസെത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. തുടർന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. കല്ലുകൊണ്ടുള്ള മർദനത്തിൽ മുഖം തകർന്ന് തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു മൃതദേഹം.
അതേസമയം സംഭവത്തിൽ കെപി അഗ്രഹാരയിലെ സെക്യൂരിറ്റി ജീവനക്കാരനായ ഒരാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും ഇവരെയും ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്‌തമാക്കി.