ചിക്കബല്ലപൂർ (കര്‍ണാടക): ഓണ്‍ലൈന്‍ ലോണ്‍ ആപ്പിലൂടെ 2,000 രൂപ വായ്‌പയെടുത്ത ആളെ നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കര്‍ണാടകയിലെ ചിക്കബല്ലപൂർ ജില്ലയിലെ ചിന്താമണിയിലാണ് സംഭവം. ടിപ്പുനഗര്‍ സ്വദേശിയായ അസ്‌മത്ത് ഉല്ല എന്നയാള്‍ക്കാണ് പണം നഷ്‌ടമായത്.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് അസ്‌മത്ത് മാജിക് ലോണ്‍ എന്ന ഒരു ആപ്പിലൂടെ 2,000 രൂപ വായ്‌പയെടുത്തത്, പലിശയായി 3,500 രൂപ അടയ്‌ക്കുകയും ചെയ്‌തു. വായ്‌പയെടുക്കുന്ന സമയത്ത് അസ്‌മത്തിന്‍റെ ആധാർ കാർഡ്, പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് വന്‍തുക ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം അസ്‌മത്തിനെ ബന്ധപ്പെട്ടു.
ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ കൈവശമുള്ള അസ്‌മത്തിന്‍റെ ഫോട്ടോ മോര്‍ഫ് ചെയ്‌ത് സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും അയയ്‌ക്കുമെന്നായിരുന്നു ഭീഷണി. ഇതേ തുടർന്ന് തന്‍റെ കൈവശമുണ്ടായിരുന്ന 14 ലക്ഷത്തിലധികം രൂപയും സുഹൃത്തുക്കളുടെ പക്കല്‍ നിന്ന് കടം വാങ്ങിയതുള്‍പ്പെടെ 15,56,731 രൂപ ഇവരുടെ അക്കൗണ്ടിലേക്ക് അസ്‌മത്ത് കൈമാറി. ഇതിന് ശേഷവും ഭീഷണി തുടരുകയും സുഹൃത്തുക്കള്‍ക്ക് നഗ്ന ചിത്രങ്ങള്‍ അയച്ച് നല്‍കുകയും ചെയ്‌തതോടെ അസ്‌മത്ത് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
Also read: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി: അമ്മയ്‌ക്ക് വാട്‌സാപ്പ് സന്ദേശമയച്ച ശേഷം യുവതി ആത്മഹത്യ ചെയ്‌തു