ബെംഗളൂരു : മുതിര്‍ന്ന വനിത ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പരസ്യമായ വാക്‌പോരില്‍ പുലിവാല് പിടിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന് കീഴിലെ ഹിന്ദു മത സ്വത്തവകാശ കമ്മിഷണറായ രോഹിണി സിന്ധൂരി ഐഎഎസും കരകൗശല വികസന കോർപറേഷന്‍ ഐജി ഡി.രൂപ മൗഡ്‌ഗിലുമായുള്ള വാഗ്‌വാദത്തില്‍ ഇരുവരുടെയും പെരുമാറ്റം അതിരുകടന്നെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇവര്‍ക്കെതിരെ സര്‍വീസ് ചട്ടങ്ങളനുസരിച്ച് നടപടിയുണ്ടാകുമെന്നാണ് വിവരം. അതേസമയം തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഐപിഎസ് ഉദ്യോഗസ്ഥ രൂപ മൗഡ്‌ഗില്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ രോഹിണി സിന്ധൂരി ചീഫ് സെക്രട്ടറി വന്ദിത ശര്‍മക്ക് ഇന്ന് പരാതി നല്‍കി.
എല്ലാം 'മോഷ്‌ടിച്ചത്': തനിക്കെതിരെയുള്ള വിദ്വേഷം കൊണ്ടാണ് രൂപ മൗഡ്‌ഗില്‍ അപകീർത്തികരമായ ആരോപണങ്ങള്‍ നടത്തിയിരിക്കുന്നത്. അവര്‍ (രൂപ മൗഡ്‌ഗില്‍) സമൂഹമാധ്യമങ്ങളില്‍ നിന്നും എന്‍റെ വാട്‌സ്‌ആപ്പ് സ്‌റ്റാറ്റസുകളില്‍ നിന്നും സ്ക്രീന്‍ഷോട്ടുകളെടുത്ത് ചിത്രങ്ങള്‍ ശേഖരിച്ചാണ് എന്നെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നത്. താന്‍ ചില ചിത്രങ്ങള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തെന്നും അവര്‍ ആരോപിച്ചു. ഇതോടെയാണ് ആ പേരുകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടതെന്നും രോഹിണി സിന്ധൂരി ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച പരാതിയില്‍ അറിയിച്ചു. രൂപ മൗഡ്‌ഗിലിന്‍റെ മനോനില തെറ്റിയിരിക്കുകയാണെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചു.
തര്‍ക്കം 'മനോനില'യിലേക്ക്: മനോരോഗം വലിയൊരു പ്രശ്‌നമാണ്. അത് മരുന്നിലൂടെയും കൗണ്‍സിലിങ്ങിലൂടെയും പരിഹരിക്കേണ്ടതുണ്ട്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ഇത് ബാധിച്ചാല്‍ അത് കൂടുതല്‍ അപകടകരമാകുമെന്നും രോഹിണി സിന്ധൂരി അറിയിച്ചു. തനിക്കെതിരെ തെറ്റായതും അപകീർത്തികരവുമായ പ്രചാരണങ്ങൾ നടത്തുന്നതിലൂടെ രൂപ ഐപിഎസ് അവരുടെ നിലവാരമെന്തെന്ന് തെളിയിച്ചുവെന്നും രോഹിണി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നാല് പേജുകളിലുള്ള പരാതിയില്‍ രൂപ മൗഡ്‌ഗിലിന് കാരണം കാണിക്കല്‍ നോട്ടിസയക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
'ചിത്രം' വരുത്തിയ വിന: അതേസമയം ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ് ഉദ്യോഗസ്ഥയായ രൂപ മൗഡ്‌ഗില്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതോടെയാണ് ഐഎഎസ് - ഐപിഎസ് തമ്മിലടിക്ക് കളമൊരുങ്ങുന്നത്. 2021ലും 2022 ലുമായി ചില വനിത ഓഫിസർമാരുമായി പങ്കിട്ടുവെന്ന് പറയപ്പെടുന്ന സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങളാണ് രൂപ മൗഡ്‌ഗില്‍ ഫേസ്‌ബുക്ക് വഴി പങ്കുവച്ചത്. ഈ ചിത്രങ്ങള്‍ ചില ഉന്നത പുരുഷ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും രോഹിണി അയച്ചിട്ടുണ്ടെന്നും ചിത്രങ്ങൾ പങ്കുവച്ചതിലൂടെ സര്‍വീസ് നിയമങ്ങൾ ലംഘിച്ചുവെന്നും രൂപ ആരോപണമുയര്‍ത്തിയിരുന്നു.
കൈനിറയെ ആരോപണം : 2015 ല്‍ അന്തരിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡികെ രവിയുടെ മരണത്തിലും രോഹിണി സിന്ധൂരിയുടെ പേര് രൂപ മൗഡ്‌ഗില്‍ വലിച്ചിഴച്ചിരുന്നു. രവി രോഹിണിയുമായി പ്രണയത്തിലായിരുന്നുവെന്നും അദ്ദേഹത്തെ ഇഷ്‌ടമല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ മെസേജുകള്‍ ബ്ലോക്ക് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നും രൂപ ചോദ്യമുന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ രവിക്ക് ജീവന്‍ നഷ്‌ടപ്പെട്ടതിന് രോഹിണി കൂടി കാരണക്കാരിയാണെന്നും രൂപ ആരോപണമുന്നയിച്ചിരുന്നു. മാത്രമല്ല ജെഡി(എസ്) എംഎൽഎ എസ്‌ആര്‍ മഹേഷുമായി രോഹിണി കൂടിക്കാഴ്‌ച നടത്തിയ ചിത്രവും രൂപ പങ്കുവച്ചിട്ടുണ്ട്.
തെളിവുണ്ടോ, പുറത്തുവിടൂ : എന്നാല്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രൂപ മൗഡ്‌ഗില്‍ ഉന്നയിച്ചിരിക്കുന്നതെന്നറിയിച്ച് രോഹിണി സിന്ധൂരിയും പ്രതികരണവുമായെത്തി. താന്‍ ചിത്രങ്ങള്‍ അയച്ചുവെന്ന് ആരോപിച്ച പുരുഷ ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടണമെന്ന് അവര്‍ രൂപ മൗഡ്‌ഗിലിനെ വെല്ലുവിളിക്കുകയും ചെയ്‌തു. സമൂഹത്തില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ബ്യൂറോക്രാറ്റുകളുടെ ചെളിവാരിയെറിയലിനൊപ്പം നേതാക്കളുടെ പേരുകള്‍ കൂടി വന്നതോടെ തമ്മിലടിക്ക് രാഷ്‌ട്രീയ പ്രാധാന്യവുമേറി.
അച്ചടക്കത്തിന്‍റെ വടിയോങ്ങി സര്‍ക്കാര്‍: അതേസമയം ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പരസ്യമായ തമ്മിലടിയില്‍ ശക്തമായ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര രംഗത്തെത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ മുഖംനോക്കാതെ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു. ജനങ്ങള്‍ ദൈവങ്ങളായി കണ്ട് ആരാധിക്കുന്നവരാണ് ഇത്തരം ഉദ്യോഗസ്ഥരെന്നും എന്നാല്‍ രണ്ടുപേരുടെയും ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം കണ്ടാല്‍ ഞെട്ടിപ്പോകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇവരുടെ ദൂഷ്യമായ പെരുമാറ്റം കാരണം പഴികേള്‍ക്കേണ്ടിവരുന്നത് നല്ല ഉദ്യോഗസ്ഥര്‍ക്ക് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സാമ്പിള്‍ വെടിക്കെട്ട്' നാളുകള്‍ക്ക് മുന്നേ: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജെഡി(എസ്) എംഎൽഎ എസ്‌ആര്‍ മഹേഷുമായി രോഹിണി കൂടിക്കാഴ്‌ച നടത്തിയ ചിത്രം രൂപ മൗഡ്‌ഗില്‍ പുറത്തുവിട്ടത്. മുമ്പ് രോഹിണി സിന്ധൂരിയുമായി ഏറെ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്ന എംഎല്‍എയെ ചെന്നുകണ്ടതിനെക്കുറിച്ച് രൂപ അന്ന് കണക്കിലധികം പരിഹസിച്ചിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രാഷ്‌ട്രീയ പ്രവര്‍ത്തകരും മറ്റും രൂപയ്‌ക്കെതിരെ തിരിഞ്ഞിരുന്നു.
അനുനയ ചര്‍ച്ചയാണോയെന്നും, എന്തിനായിരിക്കും അവര്‍ പോയി കണ്ടിരിക്കുകയെന്നും രൂപ മൗഡ്‌ഗില്‍ ചോദ്യമുയര്‍ത്തി. ഇന്ത്യ ചരിത്രത്തില്‍ ആദ്യമായാകും ഒരു ഐഎഎസ് ഉദ്യാഗസ്ഥ സ്വകാര്യ കാര്യത്തിനായി ഒരു എംഎല്‍എയെ ചെന്നുകാണുന്നത്. ഒരു ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് ഇത്രയ്ക്ക് തരംതാഴാനാകുമോയെന്നും അവര്‍ ചോദ്യം ഉന്നയിച്ചിരുന്നു.
പിന്നോട്ടില്ലെന്നറിയിച്ച് രൂപ : എന്നാല്‍ ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മാത്രം ഒതുക്കുകയായിരുന്നില്ല രൂപ മൗഡ്‌ഗില്‍. രോഹിണി സിന്ധൂരിയെക്കുറിച്ചുള്ള കുറച്ച് ചിത്രങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്നും അത് വിശദീകരിക്കാമെന്നും അവര്‍ വ്യക്തമാക്കി. താന്‍ മൈസൂരു ജില്ല കമ്മിഷണറായിരുന്നപ്പോള്‍ സിന്ധൂരി സ്വകാര്യ ആവശ്യത്തിനായി അനധികൃതമായി സ്വിമ്മിങ് പൂള്‍ നിര്‍മിച്ചുവെന്നും അതിന്‍റെ ആവശ്യമെന്തായിരുന്നുവെന്നും അവര്‍ ചോദിച്ചു.
രോഹിണി സിന്ധൂരിക്ക് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയില്ല. അവര്‍ ശിക്ഷിക്കപ്പെടാനിടയില്ലെന്ന് തനിക്ക് അറിയാം. തനിക്ക് അവരോട് വ്യക്തിപരമായി യാതൊരു എതിര്‍പ്പുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പരാതിക്ക് മറുപടി മറ്റൊരു പരാതി: അതേസമയം സംഭവത്തില്‍ രോഹിണി സിന്ധൂരി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയതിന് പിന്നാലെ രൂപ മൗഡ്‌ഗിലും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ ശ്രദ്ധയിലേക്ക് വേണ്ടുന്നതെല്ലാം താന്‍ സമര്‍പ്പിക്കുമെന്നും താന്‍ രോഹിണി സിന്ധൂരിയുടെ ചിത്രങ്ങള്‍ സമര്‍പ്പിച്ചത് വ്യക്തിപരമായല്ലെന്നും അതിന് പിന്നിലുള്ളവരെ തുറന്നുകാട്ടാനാണെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കി. ഇതുകൂടാതെ താന്‍ രോഹിണിക്കെതിരെ ലോകായുക്തയ്‌ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ഇതില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്നും രൂപ മൗഡ്‌ഗില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.