ഹുബ്ലി: കർണാടകയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത നിർദ്ദേശവുമായി സംസ്ഥാന സർക്കാർ. കേരള തീരത്ത് തീവ്രവാദ സാന്നിധ്യം സംശയിക്കുന്നുവെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജാഗ്രത നിർദ്ദേശം നല്‍കിയത്. തീരപ്രദേശങ്ങളോട് ചേരുന്ന വന മേഖലകളില്‍ നിരീക്ഷണം ശക്തമാക്കാനും ദുരൂഹ സാഹചര്യങ്ങളില്‍ കണ്ടെത്തുന്നവയെ കുറിച്ച് അന്വേഷിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നല്‍കി.
" എല്ലാ കാര്യങ്ങളും പൂർണായി പറയാനാകില്ല. എന്നാല്‍ ദേശദ്രോഹ പ്രവർത്തനങ്ങൾക്ക് എതിരെ ശക്തമായ ജാഗ്രതവേണമെന്ന് കർണാടക പൊലീസിന് നിർദ്ദേശം നല്‍കിയതായും ദേശീയ അന്വേഷണ ഏജൻസിയുടെ സഹായം ആവശ്യമെങ്കില്‍ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു". സംശയാസ്‌പദമായ സാഹചര്യത്തില്‍ എൻഐഎ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയതായും ബൊമ്മൈ അറിയിച്ചു.
കൊവിഡില്‍ ജാഗ്രത കൈവിടില്ല
ഗണേശ ഉത്സവങ്ങൾക്ക് അനുമതി നല്‍കുന്നതിനായി മുൻവർഷത്തെ കൊവിഡ് സാഹചര്യവും നിലവിലെ സാഹചര്യവും വിലയിരുത്താൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സെപ്റ്റംബർ അഞ്ചാം തീയതി അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതോടൊപ്പം കേരളവുമായി അതിർത്തി പങ്കിടുന്ന കൊടഗു, ഹസൻ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ നൈറ്റ് കർഫ്യു തുടരും. എന്നാല്‍ ജില്ലകളിലെ സാമ്പത്തിക ക്രയവിക്രയം തടസപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ബൊമ്മൈ സാഹചര്യം മെച്ചപ്പെടുമ്പോൾ കൂടുതല്‍ ഇളവുകൾ അനുവദിക്കുമെന്നും വ്യക്തമാക്കി.