ബെംഗളൂരു: കന്നട മണ്ണില്‍ പരസ്യ പ്രചാരണത്തിന്‍റെ അവസാന വേളകളെ ആവേശത്തിലാക്കി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ റോഡ് ഷോ. തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിക്കുന്ന തിങ്കളാഴ്‌ചയാണ് ബെംഗളൂരുവിലെ വിജയനഗറിൽ പ്രിയങ്ക ഗാന്ധി റോഡ്‌ഷോ നടത്തിയത്. പ്രവര്‍ത്തകരെ കൊണ്ട് തിങ്ങിനിറഞ്ഞ പ്രിയങ്കയുടെ റോഡ് ഷോയിലും പ്രചാരണ പരിപാടികളിലും പങ്കെടുക്കാന്‍ നിരവധി ആളുകളും തെരുവില്‍ തടിച്ചുകൂടിയിരുന്നു.
രാഹുല്‍ പ്രിയങ്ക ഷോ: മെയ് 10 ന് നടക്കുന്ന തെരഞ്ഞെടുപ്പ് വോട്ടിങിന് മുമ്പ് പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കുന്നതിനായി മുന്നണികള്‍ നടത്തുന്ന പരിപാടികളിലാണ് ജനസാന്നിധ്യം കൊണ്ട് പ്രിയങ്കയുടെ റോഡ് ഷോ വ്യത്യസ്‌തമായത്. പൂക്കൾ കൊണ്ട് അലങ്കരിച്ച വാഹനത്തിൽ നിന്നുകൊണ്ട് റോഡരികില്‍ കാത്തുനില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും നേരെ നിറപുഞ്ചിരിയോടെ പ്രിയങ്ക അഭിവാദ്യം ചെയ്‌തു നീങ്ങി. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരുപോലെ ഭരണത്തിലിരിക്കുന്ന ബിജെപി സര്‍വ സന്നാഹങ്ങളുമായി പ്രചാരണ രംഗത്ത് സജീവമാകുമ്പോഴാണ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങി ജനനായകരെ അണിനിരത്തി കോണ്‍ഗ്രസ് കളംപിടിക്കുന്നത്.
തുടര്‍ഭരണം ലക്ഷ്യംവച്ച് ബിജെപി: എന്നാല്‍ 38 വർഷമായി മാറിമാറി വരുന്ന സർക്കാരുകള്‍ എന്ന തുടര്‍ന്നുവരുന്ന ട്രെന്‍ഡ് തകര്‍ത്ത് സംസ്ഥാനത്ത് തുടര്‍ഭരണം നിലനിർത്താനാണ് ബിജെപി ശ്രമം. ഇതിനായി താരപ്രചാരകരായി പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ജെ.പി നദ്ദ തുടങ്ങിയ നേതാക്കള്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്‌താണ് പ്രചാരണത്തിന് കൊഴുപ്പേകിയത്. റോഡ് ഷോകളായും പൊതുയോഗങ്ങളായും പ്രധാനമന്ത്രി നിറഞ്ഞുനിന്ന തെരഞ്ഞെടുപ്പ് കൂടിയായി കര്‍ണാടക തെരഞ്ഞെടുപ്പിനെ വിലയിരുത്താനാവും. എന്നാല്‍ ഇതെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ബിജെപിയില്‍ നിന്നും അധികാരം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്.
വാക്‌പോരിന്‍റെ തെരഞ്ഞെടുപ്പ്: ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ടും ഏറെ ശ്രദ്ധ നേടിയ തെരഞ്ഞെടുപ്പ് ഗോദയാണ് കര്‍ണാടക. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയിലെ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് നിരോധനമെന്ന പ്രഖ്യാപനത്തെ ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്നത് മാത്രം ഉയര്‍ത്തിക്കാണിച്ച് മറ്റൊരു കോണിലൂടെ പര്‍വതീകരിച്ച് വോട്ടുനേടുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ജയ് ബജ്‌റംഗബലി എന്ന് വിളിക്കുന്നവരെ പൂട്ടുമെന്നാണ് കോൺഗ്രസ് പറഞ്ഞിട്ടുള്ളതെന്നും മുൻപ് ഭഗവാൻ ശ്രീരാമനെ ആരാധിക്കുന്നവരുമായായിരുന്നു കോൺഗ്രസിന് പ്രശ്‌നമെന്നും പ്രധാനമന്ത്രി പ്രചാരണ വേദിയില്‍ പ്രതികരിച്ചതും ഇതും സാധൂകരിക്കുന്നത് തന്നെയായിരുന്നു. കര്‍ണാടകയെ സംസ്ഥാനങ്ങളില്‍ ഒന്നാമതാക്കുമെന്ന് വാഗ്‌ദാനം നല്‍കിയും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും തന്നെയായിരുന്നു ബിജെപി പ്രചാരണങ്ങളത്രയും. സാധാരണക്കാർക്ക് കോൺഗ്രസിലുള്ള വിശ്വാസം നേരത്തെ നഷ്‌ടപ്പെട്ടതാണെന്നും പൊള്ളയായ വാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും പുറത്താണ് കോൺഗ്രസ് ഇരിക്കുന്നതെന്നും നരേന്ദ്ര മോദി പറയുന്നതും തെരഞ്ഞെടുപ്പ് വേളയിലെ രാഷ്‌ട്രീയപ്പോര് വ്യക്തമാക്കുന്നതായിരുന്നു.
സാധാരണക്കാരന്‍റെ കണ്ണിലൂടെ: അതേസമയം സാധാരണക്കാരുമായി അടുത്ത് ഇടപഴകിയും കുശലമന്വേഷിച്ചുമായിരുന്നു കോണ്‍ഗ്രസ് താരപ്രചാരകരുടെ പ്രചാരണങ്ങള്‍. റോഡ് ഷോയ്‌ക്കിടെ കന്നഡയില്‍ പ്രസംഗിച്ചും, ഹോട്ടലിലെത്തി ദോശ ചുട്ടുമെല്ലാം പ്രിയങ്ക കോണ്‍ഗ്രസ് പ്രചാരണത്തെ വ്യത്യസ്‌തമാക്കി. കേന്ദ്ര സംസ്ഥാന ഭരണത്തെ അടച്ച് ആക്ഷേപിച്ചും പ്രിയങ്ക കളം നിറഞ്ഞു. കഴിഞ്ഞ നാല് വർഷമായി സംസ്ഥാനത്ത് ബിജെപി സർക്കാർ ഒന്നും ചെയ്‌തിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ അവര്‍, വിലക്കയറ്റം ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നുള്ള സാധാരണക്കാരന്‍റെ പ്രശ്‌നം പറഞ്ഞായിരുന്നു വോട്ടുതേടിയത്. ഈ സർക്കാരിൽ എത്ര യുവാക്കൾക്ക് ജോലി ലഭിച്ചുവെന്നും, സംസ്ഥാന സർക്കാരിൽ രണ്ടര ലക്ഷം തൊഴിലവസരങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നതെന്നുമെല്ലാം ഉല്‍ബോധിപ്പിച്ച് ഈ തെരഞ്ഞെടുപ്പ് നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയെല്ലാം ഭാവി കെട്ടിപ്പടുക്കാനുമുള്ള തെരഞ്ഞെടുപ്പാണെന്നും പ്രിയങ്ക ഗാന്ധി പ്രചാരണവേദികളെ ഉണര്‍ത്തിപ്പോന്നു.
ഇനി കാത്തിരിപ്പിന്‍റെ നാളുകള്‍: എന്നാല്‍ ഞായറാഴ്‌ച ബെംഗളൂരുവിൽ നടത്തിയ റോഡ് ഷോയോടെ മെഗാ പ്രചാരണത്തിന് സമാപനം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയപ്പോഴും ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റോഡ് ഷോയിലൂടെയും പൊതുപരിപാടികളിലൂടെയും രാഹുലും പ്രിയങ്കയും ഫുള്‍ പവറില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. മാത്രമല്ല സാധാരണക്കാരനുമായും ഭക്ഷ്യ ഡെലിവറി ആപ്പ് സേവനങ്ങളുമായി തൊഴില്‍ ചെയ്‌തുവരുന്ന ഡെലിവറി ബോയ്‌സുമായുമെല്ലാം തോളോടുതോള്‍ ചേര്‍ന്ന് രാഹുല്‍ പ്രകടമാക്കുന്ന സിംപ്ലിസിറ്റിയിലും കോണ്‍ഗ്രസിന് പ്രതീക്ഷകള്‍ ഏറെയുണ്ട്. അതേസമയം ഈ കണ്ട പ്രചാരണങ്ങള്‍ കൊണ്ടും വാക്‌പയറ്റുകൊണ്ടും നേട്ടം കൊയ്‌തതാരാണെന്ന് വ്യക്തമാകാന്‍ മെയ് 10 ലെ പോളിങും മെയ് 13 ലെ വോട്ടെണ്ണലും വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.