ബെംഗളൂരു : ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രൂക്ഷമായിരിക്കെ, യൂണിഫോം ഡ്രസ് കോഡ് പാലിക്കാൻ തയാറല്ലാത്ത വിദ്യാർഥികൾക്ക് മറ്റ് വഴികൾ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്.
സൈന്യത്തിൽ ചിട്ടകൾ പാലിക്കുന്നതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾ നിയമങ്ങൾ പാലിക്കണം. അങ്ങനെ പാലിക്കാൻ തയാറാല്ലാത്തവർക്കായി മറ്റ് വഴികൾ തുറന്നിരിക്കുന്നതായും അത് അവർക്ക് പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾ ഒരിക്കലും രാഷ്ട്രീയ പാർട്ടികളുടെ കൈകളിലെ ഉപകരണങ്ങൾ ആയി മാറരുതെന്ന് മന്ത്രി അഭ്യർഥിച്ചു. വിദ്യാർഥികൾക്ക് ഹിജാബ് ധരിച്ച് സ്‌കൂളിൽ വരാമെന്നും എന്നാൽ ക്യാമ്പസിനുള്ളിലെത്തിയാൽ അത് ബാഗിൽ വയ്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ മതങ്ങളിലെയും വിദ്യാർഥികൾ യൂണിഫോം ധരിച്ച് സ്കൂളുകളിൽ വരുമ്പോൾ പെട്ടെന്നൊരു സംഘർഷം എങ്ങനെയാണ് ഉടലെടുത്തതെന്ന് ആശ്ചര്യപ്പെട്ട അദ്ദേഹം, എല്ലാവരും സമത്വ ബോധത്തോടെ പഠിക്കുകയും ഒന്നിച്ച് കളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരിക്കലും മതപരമായ വ്യത്യാസങ്ങൾ ഉണ്ടായിട്ടില്ലെന്നും വാദിച്ചു.
READ MORE:പുത്തന്‍ ഉത്തരവിന് ശേഷവും പുകഞ്ഞ് ഹിജാബ് - കാവിഷാള്‍ വിവാദം ; എല്ലാ കണ്ണുകളും ഹൈക്കോടതിയിലേക്ക്
ഡിസംബറിൽ ഉഡുപ്പിയിലെ ചില വിദ്യാർഥികൾ ഹിജാബ് ധരിക്കാൻ പ്രേരിതരായതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് നാഗേഷ് പറയുന്നു. ഇസ്‌ലാമിക നിയമമായ ശരിയത്ത് അത്തരം വസ്ത്രധാരണരീതി നിർദേശിക്കുന്നുവെന്നും അത് പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ചില വിദ്യാർഥികൾ അവകാശപ്പെട്ടു. പല കുട്ടികളോടും ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷം പേരും ഇത് പാലിക്കാൻ സമ്മതിച്ചില്ല.
സംഭവം നടന്ന ഉഡുപ്പി സ്‌കൂളിൽ 92 മുസ്ലിം കുട്ടികളിൽ ആറ് പെൺകുട്ടികൾ മാത്രമാണ് ഹിജാബ് ധരിച്ചെത്തിയത്. മറ്റ് കുട്ടികൾ സ്‌കൂൾ യൂണിഫോം ധരിച്ചാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം വിദ്യാർഥികൾ പഠനം തുടരാൻ ബിജെപി സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന കോൺഗ്രസ് പാർട്ടിയുടെ ആരോപണം തള്ളിയ നാഗേഷ്, കർണാടക വിദ്യാഭ്യാസ നിയമം കൊണ്ടുവന്നത് ബിജെപിയല്ലെന്നും സംസ്ഥാനത്ത് പരമാവധി വർഷം ഭരിച്ച കോൺഗ്രസാണെന്നും ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേട്ടങ്ങൾക്കായി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമത്വത്തിനും അഖണ്ഡതയ്ക്കും വിഘാതമാകുന്ന വസ്ത്രങ്ങൾ നിരോധിച്ചുകൊണ്ട് ബൊമ്മൈ സർക്കാർ ശനിയാഴ്‌ച സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കോളജിലെ ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളജിൽ പഠിക്കുന്ന അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും.