ബെംഗളൂരു : കര്‍ണാടകയില്‍ ദലിത് പുരോഹിതന്‍ ചവച്ചരച്ച ഭക്ഷണം വായില്‍ നിന്ന് വാങ്ങി കഴിച്ച് കോണ്‍ഗ്രസ് എംഎല്‍എ. ചാമരാജ്പേട്ട് എംഎല്‍എ സമീർ അഹമ്മദ് ഖാനാണ് ദലിത് പുരോഹിതന്‍ നാരായണ സ്വാമിജി എന്നയാള്‍ക്ക് ആദ്യം മധുരം നല്‍കുകയും തുടര്‍ന്ന് പുരോഹിതന്‍ ചവച്ചരച്ച ഭക്ഷണം എല്ലാവരുടേയും മുന്നില്‍ വച്ച് വാങ്ങി കഴിക്കുകയും ചെയ്‌തത്. അംബേദ്‌കര്‍ ജയന്തിയും ഈദ് മിലാദും പ്രമാണിച്ച് ഞായറാഴ്‌ച ബെംഗളൂരുവില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സംഭവം.
ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്ന എംഎല്‍എ വികാരാധീനനായി വേദിയിലുണ്ടായിരുന്ന പുരോഹിതനോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു, തുടര്‍ന്ന് മധുരം നല്‍കി. പുരോഹിതന്‍ തിരികെ മധുരം നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ തടഞ്ഞ എംഎല്‍എ ചവച്ചരച്ച ഭക്ഷണം കൈയിലേക്ക് തുപ്പാന്‍ ആവശ്യപ്പെട്ടു. മടിച്ചു നിന്ന പുരോഹിതനെ വീണ്ടും നിര്‍ബന്ധിച്ചു.
തുടര്‍ന്ന് ഇയാള്‍ കൈയിലേക്ക് തുപ്പിയ ഭക്ഷണം എല്ലാവരുടേയും മുന്നില്‍ വച്ച് എംഎല്‍എ കഴിക്കുകയായിരുന്നു. എംഎല്‍എയുടെ പ്രവൃത്തിയെ സദസ് കൈയടിയോടെയാണ് സ്വീകരിച്ചത്. മനുഷ്യർക്കിടയിൽ ജാതി മത വ്യത്യാസമില്ലെന്ന് കാണിക്കാനാണ് താൻ ഇത് ചെയ്‌തതെന്നാണ് എംഎൽഎയുടെ വിശദീകരണം.
മനുഷ്യത്വമാണ് എല്ലാ മനുഷ്യരെയും ബന്ധിപ്പിക്കുന്നത്, അത് ജാതിക്കും മതത്തിനും അതീതമാണെന്ന് ഭക്ഷണം കഴിച്ചതിന് ശേഷം എംഎല്‍എ പറയുന്നുണ്ട്. സമൂഹ മാധ്യമത്തില്‍ വൈറലായ വീഡിയോയ്ക്ക്സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പരിപാടിക്കിടെ ഒരു മൗലവി ചവച്ചരച്ച ഭക്ഷണവും എംഎല്‍എ കഴിച്ചിരുന്നു.