ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയെ അടുത്ത 24 മണിക്കൂറിനുള്ളിൽ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് നിരീക്ഷകർ ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് മല്ലികാര്‍ജുന്‍ ഖാർഗെയ്ക്ക് സമര്‍പ്പിച്ചു. യുപിഎ മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി എന്നിവരുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനത്തിലെത്തുക.
ALSO READ | തലസ്ഥാനത്ത് 'തലവേദന', ഡി.കെയ്‌ക്ക് വയറുവേദന; ഡല്‍ഹി യാത്ര ഒഴിവാക്കി ശിവകുമാര്‍
മുൻ മുഖ്യമന്ത്രിയും അടുത്ത മുഖ്യമന്ത്രിയാവാന്‍ സാധ്യതയുള്ള പ്രമുഖ നേതാവുമായ സിദ്ധരാമയ്യ ഇന്ന് ഡൽഹിയിലെത്തിയിരുന്നു. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും ഇന്ന് ഡല്‍ഹിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, തനിക്ക് വയറ്റില്‍ അണുബാധയെ തുടര്‍ന്ന് ഡൽഹിയിലേക്ക് പോകാന്‍ കഴിയില്ലെന്ന് ഡികെ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയ ഡികെ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചനകള്‍ വന്നിരുന്നു.
സിദ്ധരാമയ്യയുടെ പറച്ചിലില്‍ ഡികെയ്‌ക്ക് അതൃപ്‌തി: താന്‍ തന്നെ മുഖ്യമന്ത്രിയാവുമെന്ന് സിദ്ധരാമയ്യ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു. ഇത് ഡികെ ശിവകുമാറിന് വലിയ അതൃപ്‌തി ഉണ്ടാക്കിയതായാണ് വിവരം. 'കോൺഗ്രസിന് ആകെ 135 എംഎൽഎമാരുണ്ട്. എനിക്ക് പ്രത്യേകം എംഎൽഎമാരൊന്നുമില്ല. തീരുമാനം പാർട്ടി ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്' - ശിവകുമാർ ഇന്ന് ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുമായി വ്യക്തിപരമായി സംസാരിക്കാൻ കോൺഗ്രസ് മൂന്ന് നിരീക്ഷകരെ നിയോഗിച്ചിരുന്നു. ഈ നിരീക്ഷകരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ALSO READ | ആരാകും മുഖ്യൻ; തയ്യാറായി ഡികെ ശിവകുമാറും സിദ്ധരാമയ്യയും, ചർച്ചകൾ ഡല്‍ഹിയില്‍
മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, ദീപക് ബവാരിയ, ഭൻവർ ജിതേന്ദ്ര സിങ് എന്നിവരാണ് ഈ നിരീക്ഷകര്‍. അടുത്ത കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോണ്‍ഗ്രസ് ലെജിസ്‌ളേച്ചര്‍ പാർട്ടി യോഗത്തിന് കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അധികാരപ്പെടുത്തുന്ന പ്രമേയം ഞായറാഴ്‌ചയാണ് സിഎല്‍പി പാസാക്കിയത്. മെയ് 10ന് ശനിയാഴ്‌ച നടന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം 13നാണ് വന്നത്. 135 സീറ്റുകള്‍ നേടി ഉജ്വല വിജയമാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപിക്ക് 66 സീറ്റുകളാണ് ലഭിച്ചത്.
മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സുർജേവാല: കർണാടക മുഖ്യമന്ത്രിയെ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വൈകാതെ പ്രഖ്യാപിക്കുമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള നേതാവ് രൺദീപ് സിങ് സുർജേവാല. കർണാടകയിൽ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ആരാകും എന്ന വിഷയത്തിൽ പാർട്ടി നേതൃത്വം തീരുമാനം എടുക്കും.
ഖാർഗെ തങ്ങളുടെ സീനിയറാണ്. കർണാടകയുടെ മകനാണ് ഖാർഗെ. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ അദ്ദേഹം അധികം സമയമെടുക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സുർജേവാല പറഞ്ഞു. കർണാടക മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ ഹൈക്കമാൻഡിന് വിട്ടുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് ലെജിസ്‌ളേച്ചർ പാർട്ടി (സിഎൽപി) യോഗം ഏകകണ്‌ഠേനയാണ് പാസാക്കിയത്.