ബെലഗാവി: കർണാടകയിൽ റുബെല്ല വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്ന് രോഗബാധിതരായ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു. ജനുവരി 12ന് ബെലഗാവി ജില്ലയിലെ രാമദുർഗ താലൂക്കിൽ സലാഗള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വാക്സിൻ സ്വീകരിച്ച 21 കുട്ടികളിൽ മൂന്ന് പേരാണ് മരണപ്പെട്ടത്. പവിത്ര ഹുലാഗൂർ (13 മാസം), മധു ഉമേഷ് കുരഗുണ്ടി (14 മാസം), ചേതന (15 മാസം) എന്നിവരാണ് മരിച്ചത്.
മറ്റൊരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നും ബെലഗാവി ജില്ലാ ഹെൽത്ത് ഓഫിസർ ഡോ. എസ്.വി മുനേയൽ അറിയിച്ചു.
ALSO READ: ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, തല പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽ; കാണാം വീഡിയോ
വാക്‌സിന്‍റെ പാർശ്വഫലങ്ങൾ കാരണമാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പ്രഥമിക നിഗമനം. മരിച്ച കുട്ടികളുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടാതെ സംഭവത്തിൽ കുളഗോഡ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കേസ് ഗൗരവമായി കണ്ട് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം മാരക രോഗങ്ങൾക്കെതിരെ കുട്ടികൾക്ക് വാക്‌സിനേഷൻ നൽകേണ്ടത് അനിവാര്യമാണെന്നും അത്തരം വാക്സിനുകളെ മാതാപിതാക്കൾ ഭയപ്പെടേണ്ടതില്ലെന്നും ജില്ലാ ഹെൽത്ത് ഓഫിസർ കൂട്ടിച്ചേർത്തു.