ന്യൂഡല്‍ഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. മെയ് 10നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മെയ് 13നും നടക്കും.
വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്നാണ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മറുപടി.
80 വയസിന് മുകളിലുള്ളവർക്ക് വീട്ടില്‍ വോട്ട് ചെയ്യാമെന്നതടക്കം സുപ്രധാന പ്രഖ്യാപനങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തി. ശാരീരിക പരിമിതിയുള്ളവർക്കും വീട്ടില്‍ വോട്ട് ചെയ്യാം. ഗോത്ര വിഭാഗങ്ങളെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കാൻ പദ്ധതിയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ മാസത്തില്‍ 18 വയസ് തികയുന്നവർക്കും ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.
അഞ്ച് കോടി 21 ലക്ഷം വോട്ടർമാരാണ് കർണാടകയില്‍ ഇത്തവണയുള്ളത്. ഇതില്‍ 2.59 കോടി സ്‌ത്രീ വോട്ടര്‍മാരും 2.62 കോടി പുരുഷ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 9,17,241 പുതിയ വോട്ടര്‍മാര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തും. 52,282 പോളിങ് ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പകുതി ബൂത്തുകളിലും വെബ്‌കാസ്റ്റിങ് ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
1985 മുതല്‍ ആർക്കും അധികാരത്തുടർച്ചയില്ലാത്ത കർണാടകയില്‍ നിലവില്‍ ബിജെപിയാണ് അധികാരത്തിലുള്ളത്. കർണാടകയില്‍ 224 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ അധികാരത്തിലുള്ള ഒരേ ഒരു സംസ്ഥാനം എന്ന നിലയില്‍ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിക്ക് നിർണായകമാണ്.
അതേസമയം, സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസിനും നിലനില്‍പ്പിന്‍റെ രാഷ്ട്രീയത്തിന് ശ്രമം നടത്തുന്ന ജെഡിഎസിനും ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്.
104 സീറ്റുകളുമായി 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയ ബിജെപി 2023ല്‍ എത്തുമ്പോഴേക്കും മറ്റ് പാർട്ടികളില്‍ നിന്ന് അടർത്തിയെടുത്ത് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എമാരുടെ എണ്ണം 119 ആക്കി മാറ്റിയിരുന്നു.
2018ല്‍ കോൺഗ്രസിന് 80 ഉം ജെഡിഎസിന് 37ഉം എംഎല്‍മാരുണ്ടായിരുന്നു. എന്നാല്‍ 2023ല്‍ ആയപ്പോഴേക്കും എംഎല്‍എമാരുടെ എണ്ണം കോൺഗ്രസ് 72ഉം ജെഡിഎസിന് 35 ഉം ആയി കുറഞ്ഞു. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ തള്ളി 2018ല്‍ കർണാടകയില്‍ ബിജെപിയെ സർക്കാരുണ്ടാക്കാൻ ശ്രമിച്ചത്.
കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജന്മനാട്ടില്‍ ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ മല്ലികാർജുൻ ഖാർഗെയ്‌ക്കും ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്.