ബെംഗളൂരു: കര്‍ണാടകയിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിട്ടും മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ ഇനിയും തീരുമാനമായില്ല. നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മണ്ഡലങ്ങളുടെയും സ്ഥാനാര്‍ഥികളുടെയും കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച തുടരുകയാണ്. കഴിഞ്ഞ ദിവസം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ 30 സീറ്റുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ തീരുമാനിച്ചിരുന്നു. നിലവില്‍ 13 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാത്തത്.
സ്ഥാനാര്‍ഥികളെ തീരുമാനിക്കാത്ത മണ്ഡലങ്ങള്‍: ചന്നപട്ടണ, മദ്ദൂർ, തരികെരെ, ചിക്കമംഗളൂരു, ഷിഗ്ഗാവി, മുദിഗെരെ, ചിക്കപ്പേട്ട്, കെആർ പുരം, ബൊമ്മനഹള്ളി, ദാസറഹള്ളി, സിവി രാമൻ നഗർ, പുലികേശി നഗർ, ബെംഗളൂരു സൗത്ത് എന്നിവിടങ്ങളില്‍ നിലവില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. അതേ സമയം മംഗളൂരു നോർത്ത്, പുത്തൂർ, കുംത, ബട്‌കല, കോലാർ, കാർക്കള, ശിക്കാരിപുര, ഷിമോഗ നഗർ എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ജനങ്ങള്‍ ഏറെ ഉറ്റുനോക്കുകയാണ്.
സ്ഥാനാര്‍ഥികളെ നിശ്ചയിക്കാത്ത മണ്ഡലങ്ങള്‍ ഉള്ളത് പോലെ തന്നെ മണ്ഡലം നിശ്ചയിച്ചിട്ടില്ലാത്ത സ്ഥാനാര്‍ഥികളും പട്ടികയിലുണ്ട്. പാവഗഡ എംഎൽഎ വെങ്കിട്ടരമണപ്പ, ഷിഡ്‌ലഘട്ട എംഎൽഎ വി.മുനിയപ്പ, കുന്ദഗോള എംഎൽഎ കുസുമ ശിവല്ലി, ഹരിഹര എംഎൽഎ രാമപ്പ, പുലകേശിനഗർ എംഎൽഎ അഖണ്ഡ് ശ്രീനിവാസ് മൂർത്തി, വരുണയിൽ നിന്ന് ടിക്കറ്റ് നഷ്‌ടപ്പെട്ട സിദ്ധരാമയ്യ, യതീന്ദ്ര സിദ്ധരാമയ്യ എന്നിവര്‍ ഏത് മണ്ഡലങ്ങളിലാണ് മത്സരിക്കുകയെന്നത് പാര്‍ട്ടി ഇതുവരെയും തീരുമാനിച്ചിട്ടില്ല.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാര്‍ഥി പട്ടിക ഇന്നാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ന്യൂഡല്‍ഹിയിലെ രണ്ട് ദിവസത്തെ യോഗത്തിന് ശേഷമാണ് എഐസിസി (അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി) 42 സ്ഥാനാര്‍ഥികളുടെ പേരുകള്‍ അടങ്ങുന്ന പട്ടിക പുറത്ത് വിട്ടത്. അടുത്തിടെ ബിജെപിയില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയവരെല്ലാം സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
കൂടാതെ മുന്‍ എംഎല്‍എമാരും പട്ടികയിലുണ്ട്. മാര്‍ച്ച് 25ന് സ്ഥാനാര്‍ഥികളുടെ പേരുകള്‍ അടങ്ങുന്ന ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. 124 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ആദ്യം പാര്‍ട്ടി പുറത്തിറക്കിയത്. കോണ്‍ഗ്രസ് ആദ്യം പുറത്ത് വിട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ചിത്താപുറില്‍ നിന്നാണ് പ്രിയങ്ക് ഖാര്‍ഗെ ജനവിധി തേടുക. കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടി ആദ്യമായി സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പും വോട്ടെണ്ണലും: മേയ് 10നാണ് കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ്. മേയ് 13ന് വോട്ടെണ്ണലുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇത്തവണ അഞ്ച് കോടിയിലധികം വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. 224 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവില്‍ ബിജെപി അധികാരത്തിലിരിക്കുന്ന കര്‍ണാടകയില്‍ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്. ബിജെപിയെ വേരോടെ പിഴുതെറിയാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ജെഡിഎസിന് തിരിച്ചടിയാകുമോയെന്നതും നിര്‍ണായകമാണ്.