ബെംഗളൂരു : കര്‍ണാടകയില്‍ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച മുതൽ മെട്രോ ഉൾപ്പെടെയുള്ള മുഴുവൻ പൊതുഗതാഗത സംവിധാനവും സർക്കാർ ഓഫിസുകളും വീണ്ടും തുറക്കാൻ അനുമതി നൽകി.
സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം രാത്രി കർഫ്യൂ ഒന്‍പതുമുതൽ പുലർച്ചെ നാലുവരെ തുടരും. എന്നാൽ വാരാന്ത്യ കർഫ്യൂ (വെള്ളിയാഴ്ച രാത്രി 7 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെ) നീക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.
നീന്തൽക്കുളങ്ങൾ, സ്പോർട്സ് കോംപ്ലക്സുകള്‍ തുറക്കും
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അതാത് ജില്ല ഭരണകൂടത്തിന് ഇളവുകളില്‍ തീരുമാനമെടുക്കാം. കർണാടക സർക്കാർ പുറത്തിറക്കിയ സർക്കുലർ പ്രകാരം തിയറ്ററുകൾ, പബ്ബുകള്‍ തുടങ്ങിയവ തുറക്കില്ല.
ALSO READ: പെട്രോളിന് ഏഴുപൈസ കൂട്ടിയപ്പോള്‍ കാളവണ്ടിയില്‍ കയറി വാജ്‌പേയി ; ബി.ജെ.പിയെ പരിഹസിച്ച് തരൂര്‍
മത്സര പരിശീലനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി നീന്തൽക്കുളങ്ങൾ തുറക്കാൻ അനുമതിയുണ്ട്. സ്പോർട്സ് കോംപ്ലക്സുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവ പരിശീലന ആവശ്യങ്ങൾക്കായി മാത്രം തുറക്കാം.
വിവാഹ, സംസ്കാര ചടങ്ങുകള്‍ക്ക് പ്രത്യേക അനുമതി
അതേസമയം, സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്കാരിക, മതപരമായ പ്രവർത്തനങ്ങൾ, മറ്റ് സമ്മേളനങ്ങൾ, എന്നിവയ്ക്ക് അനുമതിയില്ല. 100 ൽ കൂടുതൽ ആളുകൾ ഉൾപ്പെടാത്ത വിവാഹങ്ങൾ, കുടുംബ പരിപാടികള്‍ നടത്താൻ അനുമതിയുണ്ട്.
ശവസംസ്കാരത്തിന് പരമാവധി 20 ആളുകളെ പങ്കെടുപ്പിക്കാം. ദർശനത്തിനായി മാത്രം ആരാധനാലയങ്ങള്‍ തുറക്കാൻ അനുമതിയുണ്ട്. 15 ദിവസത്തേക്കാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചത്.