ലഖ്‌നൗ: കോടികളുടെ പണം തട്ടിപ്പ് കേസിൽ അറസ്റ്റിലായ കാൻപൂരിൽ നിന്നുള്ള സുഗന്ധ വ്യാപാരി പീയുഷ് ജെയ്‌നിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജിഎസ്‌ടിയുടെ ഇന്‍റലിജൻസ് വിഭാഗം പീയുഷ് ജെയ്‌നിന്‍റെ കാൺപൂരിലെയും കനൗജിലെയും വസതിയിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്‌ഡിൽ കോടികൾ വിലമതിക്കുന്ന പണവും സ്വർണവും പിടിച്ചെടുത്തിരുന്നു.
തുടർന്ന് വ്യവസായി നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തിൽ 2017ലെ സിജിഎസ്‌ടി നിയമത്തിലെ സെക്ഷൻ 69 പ്രകാരം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ജെയ്‌നിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മൂന്ന് ദിവസമായി ആദായനികുതി വകുപ്പിലെയും സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസിലെയും ഉദ്യോഗസ്ഥർ പീയുഷ് ജെയ്‌നിന്‍റെ വസതികളിലും സ്ഥാപനങ്ങളിലും റെയ്‌ഡ് നടത്തുകയാണ്. കണക്കിൽപ്പെടാത്ത പണവും സ്വർണവും റെയ്‌ഡിനിടെ പിടിച്ചെടുത്തു.
ആദ്യ ദിവസം ആനന്ദ്പുരിയിലെ വസതിയിൽ നടത്തിയ റെയ്‌ഡിൽ 170 കോടിയോളം രൂപ കണ്ടെടുത്തിരുന്നു. തുടർന്ന് കനൗജിലെ വസതി അധികൃതൽ സീൽ ചെയ്‌തു. തുടർന്ന് നടത്തിയ പരിശോധനയിൽ 250 കോടിയോളം രൂപയും സ്വർണം, വെള്ളി എന്നിവയും കണ്ടെത്തി.
കാൻപൂരിലെ ചിപ്പട്ടി സ്വദേശിയായ പീയുഷ് ജെയ്‌ൻ നഗരത്തിൽ ഒഡോകോം എന്ന പെർഫ്യും കമ്പനി നടത്തുന്ന വ്യാപാരിയാണ്. പെർഫ്യൂമുകൾക്ക് പുറമേ, പാൻ മസാലയിൽ ഉപയോഗിക്കുന്ന സുഗന്ധ സംയുക്തങ്ങളും അവർ നിർമിക്കുന്നു. വിദേശത്തും ജെയ്‌നിന് വ്യാപാര ഇടപാടുകൾ ഉണ്ട്.
Also Read: ഈ ക്രിസ്‌മസിന് കേരളം കുടിച്ചത് 65 കോടിയുടെ മദ്യം; ഇത്തവണയും റെക്കോഡ് വില്‍പ്പന