കാൺപൂർ : വികാസ് ദുബെയുടെ സഹായി ശിവം ദുബെക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കാൺപൂർ പൊലീസ്. 2020 ജൂലൈ മാസത്തിലുണ്ടായ ബിക്രു കൂട്ടക്കൊലയിൽ ശിവം ദുബെയും പങ്കാളിയായിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് കണ്ടാൽ ഈ നിയമപ്രകാരം 12 മാസം വരെ കുറ്റങ്ങള്‍ ചുമത്താതെ പ്രതികളെ കസ്റ്റഡിയിൽ വയ്‌ക്കാനായി സാധിക്കും. ബിക്രു കൂട്ടക്കൊലയിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
READ MORE: വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ഐപിസി 147, 148, 149, 302, 307, 394, 120 ബി, എന്നീ വകുപ്പുകളും 7 സിഎൽഎ നിയമം, ആയുധ നിയമം എന്നിവയുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജൂലൈ 23നാണ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ശിവത്തിനെ അറസ്റ്റ് ചെയ്യുന്നത്.
തെളിവുകൾ ലഭിച്ചത് പ്രകാരം ബിക്രു കൂട്ടക്കൊല നടക്കുമ്പോൾ ശിവം സ്ഥലത്തുണ്ടായിരുന്നുവെന്നും നേരത്തെ അറസ്റ്റിലായവരുടെ മൊഴിയിലും ഇയാളുടെ പങ്ക് വ്യക്തമാണെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് വിശാൽ വിക്രം വ്യക്തമാക്കിയിരുന്നു.
ഉജ്ജെയിനിൽ നിന്ന് കാൺപൂരിലേക്ക് കൊണ്ടുപോകവേ രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് വികാസ് ദുബെ കൊല്ലപ്പെട്ടത്. ജൂലൈ പത്തിനായിരുന്നു സംഭവം.