ബെംഗളൂരു : കന്നഡ നടിയും നടന്‍ വിജയ് രാഘവേന്ദ്രയുടെ ഭാര്യയുമായ സ്‌പന്ദനയുടെ സംസ്‌കാരം ഇന്ന്. ഉച്ചയ്‌ക്ക് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സംസ്‌കാരത്തിന് മുന്നോടിയായി സ്‌പന്ദനയുടെ പിതാവും മുന്‍ ബെംഗളൂരു എ സി പിയുമായ ബി കെ ശിവറാമിന്‍റെ വസതിയില്‍ അന്തിമ ദർശനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
തായ് എയർവേയ്‌സ് വിമാനത്തിൽ സ്‌പന്ദനയുടെ മൃതദേഹം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്‌ച (ഓഗസ്റ്റ് 8) രാത്രിയോടുകൂടിയാണ് എത്തിച്ചത്. കാർഗോ ടെർമിനല്‍ വഴി പുറത്തെത്തിച്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എയര്‍പോര്‍ട്ടില്‍ നിന്ന് മൃതദേഹം ആംബുലൻസിൽ സ്‌പന്ദനയുടെ പിതാവ് ബി കെ ശിവറാമിന്‍റെ മല്ലേശ്വരത്തെ വസതിയിലേക്ക് കൊണ്ടുപോയി. അവിടെ തന്നെ അന്തിമ ദർശനത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.
ഉച്ചയ്ക്ക് 2 മണി വരെയാണ് അന്തിമ ദർശനം നടക്കുക. നിരവധിയാളുകളാണ് സ്‌പന്ദനയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മല്ലേശ്വരത്തെ വീട്ടിലെത്തുന്നത്. കന്നഡ ചലച്ചിത്ര മേഖലയിലെ പ്രശസ്‌ത താരമായ വിജയ് രാഘവേന്ദ്രയുടെ ഭാര്യയും കോൺഗ്രസ് എംഎൽസി ബി കെ ഹരിപ്രസാദിന്‍റെ മരുമകളുമാണ് സ്‌പന്ദന. 2016 ല്‍ പുറത്തിറങ്ങിയ അപൂർവ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും സ്‌പന്ദന തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു.
ബാങ്കോക്കില്‍ അവധി ആഘോഷിക്കുന്നതിനിടെ ഓഗസ്റ്റ് ആറിനായിരുന്നു സ്‌പന്ദനയെ മരണം കവര്‍ന്നത്. ഉറങ്ങാന്‍ കിടന്ന സ്‌പന്ദനയെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് വിജയ് രാഘവേന്ദ്രയുടെ സഹോദരന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഉടൻ തന്നെ സ്‌പന്ദനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കന്നഡ നടൻ ശിവരാജ് കുമാറും ഭാര്യ ഗീത ശിവരാജ് കുമാറും അന്തിമ ദർശനം നടത്തി. അന്തിമ ദർശനത്തിന് ശേഷം ദമ്പതികൾ വിജയ് രാഘവേന്ദ്രയേയും കുടുംബത്തെയും ആശ്വസിപ്പിച്ചു. അഭിനേതാക്കളായ കോമൾ, ശ്രീനാഥ്, രാഘവേന്ദ്ര രാജ്‌കുമാർ, ഗിരിജ ലോകേഷ്, സുധാറാണി, മന്ത്രി മധു ബംഗാരപ്പ തുടങ്ങി നിരവധി പ്രമുഖര്‍ വിജയ് രാഘവേന്ദ്രയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്‌തു. അന്തിമ ദർശനത്തിന്‍റെ ഭാഗമായി ബി കെ ശിവറാമിന്‍റെ വസതിയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുന്നൂറോളം പൊലീസുകാരെയാണ് ഇവിടെ വിന്യസിപ്പിച്ചിരിക്കുന്നത്.
Also Read : വിദേശയാത്രയ്‌ക്കിടെ ഹൃദയാഘാതം, നടന്‍ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്‌പന്ദന അന്തരിച്ചു