പനാജി: തലകുത്തി മറിയുന്നതിനിടെ പ്രശസ്‌ത കന്നട താരം ദിഗന്ത് മഞ്ചാലെയ്‌ക്ക് പരിക്ക്. ഗോവയിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ നടന്‍റെ കഴുത്തിന് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
ചൊവ്വാഴ്‌ച (ജൂൺ 21) രാവിലെയായിരുന്നു സംഭവം. ഗോവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഉടൻ തന്നെ അദ്ദേഹത്തെ വിമാന മാർഗം ബെംഗളൂരുവില്‍ എത്തിക്കുകയും തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. താരത്തിന്‍റെ അപകട വാർത്തയറിഞ്ഞ് ആരാധകരും ബന്ധുക്കളും ഉൾപ്പെടെ നിരവധി പേരാണ് ആശുപത്രിയിലേക്ക് എത്തിയത്.
തലകുത്തി മറിഞ്ഞതിൽ സുഷുമ്‌ന നാഡിക്കും കഴുത്തിനും പരിക്കേറ്റതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹത്തെ എംആർഐ ഉൾപ്പെടെ നിരവധി പരിശോധനകൾക്ക് വിധേയനാക്കിയതായി ഭാര്യയും നടിയുമായ ഐന്ദ്രിത റായിയുടെ പിതാവ് അറിയിച്ചു. നിലവിൽ ദിഗന്ത് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
സാഹസികത ഏറെ ഇഷ്‌ടപ്പെടുന്ന ദിഗന്ത് സര്‍ഫിങ്, റോക് ക്ലൈംബിങ്, സൈക്ലിങ്, സ്‌കൂബ ഡൈവിങ് തുടങ്ങിയവയിലും വൈദഗ്‌ധ്യം പ്രകടിപ്പിച്ചിട്ടുണ്ട്. അഭ്യാസങ്ങളുടെ ദൃശ്യങ്ങൾ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെ പോസ്റ്റ് ചെയ്യാറുമുണ്ട്.
ഗാലിപത, മനസാരെ, പാരിജാത, ഫോർച്യൂണർ തുടങ്ങി നിരവധി കന്നട ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തുന്ന ഗാലിപത 2 ആണ് ദിഗന്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
ALSO READ: സഹോദര സ്‌നേഹത്തിന്‍റെ നേര്‍ക്കാഴ്‌ചയുമായി രക്ഷാ ബന്ധന്‍ ; ട്രെയ്‌ലര്‍ ട്രെന്‍ഡിംഗില്‍