ഹൈദരാബാദ് : വിവാദ ട്വീറ്റിനെ തുടര്‍ന്ന് ബോളിവുഡ് നടി കങ്കണ റണാവത്തിന്‍റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പശ്ചിമ ബംഗാളിലുണ്ടായ അക്രമം സംബന്ധിച്ച നടിയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് നടപടി.'ബംഗാളിനെ മമത മറ്റൊരു കാശ്മീരാക്കി മാറ്റുന്നു. ഇത് ഭയാനകമാണ്. ഒരു ഗുണ്ടയെ കൊല്ലാന്‍ അതിലും വലിയ ഗുണ്ടയെ നമുക്ക് വേണം. കെട്ടഴിഞ്ഞ ഒരു ഭീകരജീവിയെപ്പോലെയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അവരെ പിടിച്ചുകെട്ടാന്‍ രണ്ടായിരത്തിന്‍റെ തുടക്കത്തിലെ നിങ്ങളുടെ വിശ്വരൂപം കാട്ടൂ മോദിജീ' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഗുജറാത്ത് കലാപം ബംഗാളില്‍ ആവര്‍ത്തിക്കാനുള്ള ആഹ്വാനമാണ് കങ്കണ റണാവത്ത് നടത്തിയതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
വിദ്വേഷ പെരുമാറ്റവും മോശം സ്വഭാവവും കാരണം ട്വിറ്റര്‍ നയം നിരന്തരം ലംഘിക്കുകയാണ് കങ്കണയുടെ അക്കൗണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടി. അതേസമയം, ട്വിറ്ററിന് വംശീയതയാണെന്ന് നടി തിരിച്ചടിച്ചു. തന്‍റെ ശബ്ദമുയര്‍ത്താന്‍ സ്വന്തം നിലയ്ക്ക് ശ്രമിക്കുമെന്നും സിനിമകളിലൂടെയും മറ്റും അത് നിറവേറ്റുമെന്നും കങ്കണ പ്രതികരിച്ചു. ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവാണ് കങ്കണ.
ട്വിറ്റർ കങ്കണയ്ക്ക് മേൽ നടപടിയെടുക്കുന്നത് ഇതാദ്യമല്ല. ഈ വർഷം ആദ്യം, ആമസോൺ പ്രൈം വീഡിയോ സീരീസ് താണ്ഡവിനെതിരെ ട്വീറ്റ് ചെയ്തതിന് അവരുടെ അക്കൗണ്ടിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു, അതിൽ മതവികാരം വ്രണപ്പെടുത്തിയതിന് 'നിർമ്മാതാക്കളുടെ തലയറുക്കേണ്ട സമയമാണിതെന്നായിരുന്നു' പരാമര്‍ശം. പെരുമാറ്റ ദുരുപയോഗ നയം ഹനിക്കപ്പെട്ടെന്നായിരുന്നു അന്ന് ട്വിറ്റർ വ്യക്തമാക്കിയത്.