ഹൈദരാബാദ് : ശാസ്‌ത്ര രംഗത്ത് സ്‌ത്രീകള്‍ക്ക് വഴിയൊരുക്കിയവരില്‍ പ്രധാനിയായ ഇന്ത്യന്‍ ബയോകെമിസ്റ്റ് ഡോ. കമല സൊഹോണിക്ക് ആദരമൊരുക്കി ഗൂഗിള്‍. കമല സൊഹോണിയുടെ 112-ാം ജന്മദിനത്തിലാണ് അവരുടെ ചിത്രം ഗൂഗിള്‍ ഡൂഡിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷണ ലാബില്‍ നിന്നുള്ള കമല സൊഹോണിയുടെ ചിത്രത്തിനൊപ്പം അവരുടെ കണ്ടുപിടിത്തമായ 'നീര' (ഈന്തപ്പനയുടെ പൂന്തേനില്‍ നിന്ന് വികസിപ്പിച്ച ഭക്ഷണ സപ്ലിമെന്‍റ്)യെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ബോട്ടില്‍, ഈന്തപ്പന, മൈക്രോസ്‌കോപ്പ് തുടങ്ങിയവയാണ് ഡൂഡിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശാസ്‌ത്രമേഖലയില്‍ പിഎച്ച്ഡി നേടിയ ആദ്യ ഇന്ത്യന്‍ വനിത : 1911ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആണ് കമലയുടെ ജനനം. അച്ഛന്‍ നാരയാണറാവു ഭഗവത്, അച്ഛന്‍റെ സഹോദരന്‍ മാധവറാവു ഭഗവത് എന്നിവര്‍ ബെംഗളൂരു ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ രസതന്ത്രജ്ഞരായിരുന്നു. ഇവരുടെ പാരമ്പര്യം പിന്തുടര്‍ന്ന കമല 1933ല്‍ ബോംബെ സര്‍വകലാശാലയില്‍ നിന്ന് രസതന്ത്രത്തിലും ഭൗതിക ശാസ്‌ത്രത്തിലും ബിരുദം കരസ്ഥമാക്കി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ റിസേര്‍ച്ച് ഫെല്ലോഷിപ്പിന് അപേക്ഷിച്ചെങ്കിലും കമലയുടെ അപേക്ഷ നിരസിക്കപ്പെട്ടു. നൊബേല്‍ സമ്മാന ജേതാവ് സിവി രാമന്‍ ആയിരുന്നു അന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍. എന്നാല്‍ തോറ്റുകൊടുക്കാന്‍ കമല തയ്യാറായിരുന്നില്ല. അവര്‍ സിവി രാമന്‍റെ ഓഫിസിന് മുന്‍പില്‍ സത്യഗ്രഹം ആരംഭിച്ചു. ഒടുവില്‍ കമലയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്‍പില്‍ സിവി രാമന് വഴങ്ങേണ്ടി വന്നു.
അങ്ങനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പ്രവേശനം നേടുന്ന ആദ്യ വനിതയായി കമല. ശാസ്‌ത്ര മേഖലയില്‍ പിഎച്ച്ഡി നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ബഹുമതിയും അവര്‍ക്ക് തന്നെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പ്രവേശനം നേടുന്നതിലൂടെ തന്‍റെ ലക്ഷ്യം നേടുക മാത്രമല്ല, ശാസ്‌ത്രലോകത്തെ സ്വപ്‌നം കാണുന്ന നിരവധി സ്‌ത്രീകള്‍ക്ക് വഴിയൊരുക്കുക കൂടിയാണ് കമല ചെയ്‌തത്.
'നീര' എന്ന പ്രധാന കണ്ടുപിടിത്തം : കേംബ്രിഡ്‌ജ് സര്‍വകലാശാലയിലെ ഗവേഷണ കാലത്തെ കമലയുടെ പ്രധാന കണ്ടെത്തലായിരുന്നു സൈറ്റോക്രോം സി. ഊര്‍ജ ഉത്‌പാദനത്തിന് സഹായിക്കുന്ന പ്രധാന എന്‍സൈമായ സൈറ്റോക്രോം സി എല്ലാ സസ്യകോശങ്ങളില്‍ ഉണ്ടെന്നും കമല കണ്ടെത്തി. വെറും 14 മാസങ്ങള്‍ കൊണ്ട് തന്‍റെ തീസിസ് കമല പൂര്‍ത്തിയാക്കുകയായിരുന്നു.
ഗവേഷണത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ കമല പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഈന്തപ്പനയുടെ പൂന്തേനില്‍ നിന്ന് വികസിപ്പിച്ച ഭക്ഷണ സപ്ലിമെന്‍റായ നീരയാണ് ഇന്ത്യ എക്കാലവും ഓര്‍ക്കുന്ന കമലയുടെ സംഭാവന. ഈ പോഷക പാനീയത്തില്‍ വിറ്റാമിന്‍ സി ധാരളം അടങ്ങിയിരിക്കുന്നു. പോഷക കുറവുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ ഉപകാരപ്രദമായ ഭക്ഷണ സപ്ലിമെന്‍റാണ് നീര.
നീരയുടെ കണ്ടെത്തല്‍ കമലയ്‌ക്ക്, രാഷ്‌ട്രപതിയുടെ പുരസ്‌കാരം നേടിക്കൊടുത്തു. ബോംബെയിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റെ ആദ്യ വനിത ഡയറക്‌ടര്‍ കൂടിയായ ഡോ. കമല സൊഹോണി ഇന്ത്യൻ സ്ത്രീകൾക്ക് ലിംഗ പക്ഷപാതത്തെ മറികടക്കാനും അവരുടെ സ്വപ്‌നങ്ങൾ പിന്തുടരാനും ഒരു പാത വെട്ടിത്തെളിച്ച ധീര വനിത കൂടിയാണ്.