ഭോപ്പാല്‍: യുവതിയുടെ പീഡന പരാതിയില്‍ സത്‌ന എംഎൽഎ സിദ്ധാർഥ് കുശ്വാഹ, കോട്‌മ എംഎൽഎ സുനീൽ സറഫ് എന്നിവരോട് വിശദീകരണം തേടി മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥ്. യുവതിയുടെ പരാതി പരിശോധിക്കാന്‍ കമല്‍ നാഥ് സമിതിയെ നിയോഗിച്ചു. വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 7) രേവയിൽ നിന്ന് ഭോപ്പാലിലേക്ക് വരികയായിരുന്ന ട്രെയിനില്‍ വച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസ് ട്രെയിനില്‍ പരിശോധന നടത്തി. തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് സിദ്ധാർഥ് കുശ്വാഹയെയും സുനിൽ സറഫിനെയും പിടികൂടിയത്. യുവതിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് എംഎല്‍എമാര്‍ പറഞ്ഞു.
'ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ കത്നി വരെ ട്രെയിനിന്‍റെ ഡോറില്‍ നിൽക്കുകയായിരുന്നു', സിദ്ധാർഥ് കുശ്വാഹ പറഞ്ഞു. 'ആ സ്‌ത്രീ ഞങ്ങളുടെ ബർത്തിൽ ഉറങ്ങുകയായിരുന്നു. വാതിലിൽ നിന്നുള്ള ശബ്‌ദം കേട്ട് അവളുടെ കുട്ടി ഉണർന്നു. തുടര്‍ന്ന് അവൾ മറ്റൊരു സീറ്റിലേക്ക് മാറി. പൊലീസ് എത്തിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്', സുനിൽ സറഫ് പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉന്നയിച്ചിരിക്കുന്ന അവകാശവാദങ്ങള്‍ തെറ്റാണെന്ന് എസ്എച്ച്ഒ സാഗർ പറഞ്ഞു.