ഭോപ്പാൽ : കൊവിഡ് ഇന്ത്യൻ വകഭേദം എന്ന പരാമർശത്തിൽ കോണ്‍ഗ്രസ് നേതാവ് കമൽനാഥിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാൻ. ഇത്തരം പരാമർശങ്ങളിൽ സോണിയ ഗാന്ധി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം പരാമർശങ്ങൾ ഇന്ത്യയുടെ മനോവീര്യം കെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. കമൽനാഥ് തരംതാഴ്‌ന്ന രാഷ്‌ട്രീയം കളിക്കുകയാണ്. ഇത് രാജ്യദ്രോഹമാണ്. സോണിയ ഗാന്ധി എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല. ഇത്തരം പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും ശിവരാജ് സിങ് ചൗഹാന്‍ ചോദിച്ചു.
രാപ്പകല്‍ എന്നില്ലാതെ കർമനിരതരായ ഒരുകൂട്ടം മുന്നണി പോരാളികളുടെ മനോവീര്യം പ്രതിപക്ഷം ചോദ്യം ചെയ്യുകയാണ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങളെ പരിഹസിക്കുന്ന നിലപാട് ശരിയല്ല. വിദേശ രാജ്യങ്ങളിൽ മരണം സംഭവിക്കുന്നുണ്ടല്ലോയെന്നും ശിവരാജ്‌സിങ് ചൗഹാൻ ചോദിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ താറടിക്കാന്‍ കോണ്‍ഗ്രസ് കൊവിഡില്‍ ടൂള്‍കിറ്റ് പുറത്തിറക്കിയെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ ബിജെപി വക്താവ് സംബിത് പാത്ര പുറത്തുവിട്ട രേഖ വ്യാജമായി തയ്യാറാക്കിയതാണെന്ന് വ്യക്തമായിരുന്നു. കൊവിഡിൻ്റെ ഇന്ത്യൻ വകഭേദം എന്ന കോണ്‍ഗ്രസ് പരാമര്‍ശത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. അതേസമയം മധ്യപ്രദേശിൽ 24 മണിക്കൂറിനിടെ 3375 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.26 ശതമാനമായി കുറഞ്ഞു.