ന്യൂഡൽഹി: രാജ്യത്തിന്‍റെ 50ാമത് ചീഫ് ജസ്‌റ്റിസായി ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഢിനെ നിയമിക്കാൻ ശുപാർശ ചെയ്‌ത് ചീഫ് ജസ്‌റ്റിസ് യുയു ലളിത്. ഇതു സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ശുപാർശ കൈമാറിയത്. 2022 നവംബർ എട്ടിനാണ് ചീഫ് ജസ്‌റ്റിസ് യു.യു ലളിത് വിരമിക്കുന്നത്.
രാജ്യത്തിന്‍റെ പരമോന്നത നീതിപീഠത്തിന്‍റെ തലവനായി ജസ്‌റ്റിസ് ചന്ദ്രചൂഡ് നവംബർ ഒൻപതിന് അധികാരമേൽക്കും. ചീഫ് ജസ്‌റ്റിസ് പദവിയിൽ രണ്ട് വർഷത്തെ കാലാവധിയാണ് ഡി.വൈ ചന്ദ്രചൂഢിനുള്ളത്. 2024 നവംബർ പത്തിനാണ് വിരമിക്കുക.
പ്രോട്ടോക്കോൾ അനുസരിച്ച്, നിലവിലെ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് തന്‍റെ പിൻഗാമിയെ ശുപാർശ ചെയ്‌തുകൊണ്ട് കേന്ദ്രസര്‍ക്കാരിന് ഔപചാരികമായി കത്ത് അയയ്ക്കേണ്ടതുണ്ട്. കത്ത് നിയമമന്ത്രാലയം പരിഗണിക്കും. നിയുക്ത ചീഫ് ജസ്‌റ്റിസിന് ശുപാർശയുടെ പകർപ്പ് സുപ്രീം കോടതിയിലെ ജഡ്‌ജസ് ലോഞ്ചിൽ ജഡ്‌ജിമാരുടെ സാന്നിധ്യത്തിൽ ചീഫ് ജസ്‌റ്റിസ് യു.യു ലളിത് കൈമാറി.
2016 മേയ് 13നാണ് ഡി.വൈ.ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്‌ജിയായി നിയമിതനാകുന്നത്. അതിനുമുമ്പ് അലഹബാദ് ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്‌റ്റിസും ബോംബെ ഹൈക്കോടതിയിലെ ജഡ്‌ജിയുമായിരുന്നു. 2000 മാർച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയായി ചുമതലയേൽക്കുന്നത്.
2013ൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി സത്യപ്രതിജ്ഞ ചെയ്‌തു. ബോംബെ ഹൈക്കോടതി ജഡ്‌ജി ആകുന്നതുവരെ ഇന്ത്യയുടെ അഡിഷനൽ സോളിസിറ്റർ ജനറലായും സേവനമനുഷ്‌ഠിച്ചു. അയോധ്യ തർക്ക ഭൂമി കേസ്, ശബരിമല യുവതി പ്രവേശന കേസ് തുടങ്ങിയ വിധികൾ പ്രസ്‌താവിച്ച ബെഞ്ചിൽ അംഗമായിരുന്നു.
ഡൽഹിയിൽ സെന്‍റ് സ്‌റ്റീഫൻസ് കോളേജിലായിരുന്നു ബിരുദ പഠനം. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് നിയമത്തിൽ ബിരുദം സ്വന്തമാക്കിയത്. ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടി.