ന്യൂഡൽഹി : സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾക്കെതിരെ പ്രതിഷേധവുമായി ജൂനിയർ താരങ്ങൾ (Protest against bajrang sakshi and vinesh). മുതിർന്ന ഗുസ്‌തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് ,ബജ്‌റംഗ് പൂനിയ എന്നിവർക്കെതിരെ പ്രതിഷേധവുമായാണ് ജൂനിയർ ഗുസ്‌തി താരങ്ങൾ തെരുവിലിറങ്ങിയത്. ഗുസ്‌തി ഫെഡറേഷനിൽ(WFI) നിലനിൽക്കുന്ന പ്രതിസന്ധി കാരണം തങ്ങളുടെ കരിയറിലെ ഒരു വർഷം നഷ്‌ടമായെന്നാരോപിച്ചാണ് പ്രതിഷേധം.
ഗുസ്‌തി ഫെഡറേഷന്‍റെ മുൻ പ്രസിഡന്‍റായിരുന്ന ബ്രിജ്‌ഭൂഷണെതിരെയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് 2023 ജനുവരി മുതൽ ഡബ്ല്യുഎഫ്‌ഐയെ രണ്ടുതവണ സസ്പെൻഡ് ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് ദേശീയ ക്യാമ്പുകളും മറ്റ് മത്സരങ്ങളും നിർത്തിവച്ചിരിക്കുകയാണ്. ഇത് തങ്ങളുടെ കരിയറിലെ നിർണായകമായ ഒരു വർഷം നഷ്‌ടമാക്കുകയാണെന്നാണ് ജൂനിയർ ഗുസ്‌തി താരങ്ങളുടെ പരാതി.
നിലവിൽ ഗുസ്‌തി ഫെഡറേഷൻ നിയന്ത്രിയ്‌ക്കുന്നത് കായിക മന്ത്രാലയം നിയോഗിച്ച പാനൽ ആണ്. ഇത് പിരിച്ചുവിട്ട് സസ്‌പെൻഡ് ചെയ്‌ത ഡബ്ല്യുഎഫ്‌ഐ പുനഃസ്ഥാപിക്കണമെന്നാണ് പ്രതിഷേധക്കാർ (Junior wrestlers protest) ആവശ്യപ്പെടുന്നത്. ബാഗ്‌പട്ടിലെ ഛപ്രൗലി ആര്യസമാജ് അഖാരയിൽ നിന്നും നരേലയിലെ വീരേന്ദർ റസ്‌ലിങ് അക്കാദമിയിൽ നിന്നുമായി 300-ഓളം പേർ പ്രതിഷേധത്തിനായി അണിനിരന്നു. ഇതോടെ പൊലീസിന് ഇവരെ നിയന്ത്രിക്കാനാകാതെ വന്നു.
സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് ,ബജ്‌റംഗ് പൂനിയ എന്നിവർക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് ഇവർ പ്രതിഷേധിച്ചത്. 'മൂന്ന് ഗുസ്‌തിക്കാരിൽ നിന്നും ഞങ്ങളുടെ കളിയെ രക്ഷിക്കൂ' എന്നെഴുതിയ പോസ്റ്ററുകളുമായാണ് ഇവര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസിൽ ഗുസ്‌തി താരങ്ങൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. അന്ന് ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി ആയിരങ്ങൾ അണിനിരന്നിരുന്നു.
ഡിസംബർ 21ന് നടന്ന ഗുസ്‌തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷണിന്‍റെ വിശ്വസ്‌തനായ സഞ്ജയ് സിംഗ് വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു. എന്നാൽ ഉടൻ തന്നെ കായിക മന്ത്രാലയം ഗുസ്‌തി ഫെഡറേഷൻ സസ്‌പെൻഡ് ചെയ്‌തു. തയ്യാറെടുപ്പുകൾക്കായുള്ള നിയമപരമായ നടപടി ക്രമങ്ങൾ പാലിക്കാതെയും ഗുസ്‌തിക്കാർക്ക് മതിയായ അറിയിപ്പ് നൽകാതെയും അണ്ടർ 15, അണ്ടർ 20 ദേശീയ മത്സരങ്ങൾ ഉടൻ സംഘടിപ്പിക്കുമെന്ന് തിടുക്കത്തിൽ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് കായിക മന്ത്രാലയം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗുസ്‌തി ഫെഡറേഷൻ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്‌തത്.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സംഘടന മുൻ ഭാരവാഹികളുടെ പൂർണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഇത് ദേശീയ കായിക നിയമത്തിന് അനുസൃതമല്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. കായിക മന്ത്രാലയത്തിന്‍റെ കടുത്ത എതിർപ്പിനെ തുടർന്ന് ഗുസ്‌തി ഫെഡറേഷന്‍റെ ഓഫിസ് ബ്രിജ് ഭൂഷണിന്‍റെ വസതിയിൽ നിന്നും മാറ്റിയിട്ടുമുണ്ട്. ഡിസംബർ 24 നാണ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്‌തത്.
കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലും ഗുസ്‌തി താരങ്ങൾക്കെതിരെ ലൈംഗിക അതിക്രമം നടന്നെന്ന് ആരോപിക്കപ്പെടുന്ന സ്ഥലമായതിനാലും ഓഫിസ് ഇവിടെ നിന്നും മാറ്റണമെന്നാണ് കായിക മന്ത്രാലയം ആവശ്യപ്പെട്ടത്. നിലവിൽ കേസ് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.