ബെംഗളൂരു: ഒരു സ്വകാര്യ ചാനൽ റിപ്പോർട്ടർ ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് സബ് ഇൻസ്‌പെക്‌ടറിൽ നിന്ന് പണം വാങ്ങി പറ്റിച്ചതായി പരാതി. ജാവെർഗി താലൂക്കിലെ കൊണ്ടഗുള്ളി ഗ്രാമത്തിലെ കാസിം പട്ടേൽ (30) എന്നയാൾക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
മഞ്ജുനാഥ ഫ്ലോറിസ്‌റ്റ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കാസിം പട്ടേലിനെ ചോദ്യം ചെയ്തു. ഇയാളിൽ നിന്ന് ഒരു ഫോർച്യൂണർ കാർ, മൂന്ന് മൊബൈൽ ഫോണുകൾ, രണ്ട് ലക്ഷം രൂപ എന്നിവ കണ്ടെടുക്കുകയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും രാഷ്‌ട്രീയക്കാരുമായും ബന്ധമുണ്ടെന്ന് കാട്ടിയാണ് ഇയാൾ പണം തട്ടിയെടുത്തത്.
ജാവെർഗി പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്‌ടറായിരുന്നു മഞ്ജുനാഥ ഫ്ലോറിസ്‌റ്റ്. അവിടെ വച്ചാണ് കാസിം പട്ടേലിനെ പരിചയപ്പെടുന്നത്. കാസിം തന്‍റെ പേരിലുള്ള വാട്ട്‌സ് ആപ്പ് നമ്പർ എസ്.പിയുടേതാണെന്ന് പറഞ്ഞു നൽകുകയും ചെയ്തു. തുടർന്ന് എസ്.പിയുടെ പേരിൽ മഞ്ജുനാഥയുടെ കയ്യിൽ നിന്ന് രണ്ടു പ്രാവശ്യമായി പണം വാങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് കാസിം തന്ന നമ്പർ എസ്.പിയുടേതല്ലെന്നും താൻ പറ്റിക്കപ്പെടുകയാണെന്നും മനസിലാക്കി മഞ്ജുനാഥ ഫ്ലോറിസ്‌റ്റ്, കാസിമിനെതിരെ പരാതി നൽകുകയായിരുന്നു.