ലണ്ടൻ: ഇന്ത്യയിലേക്കുള്ള ആദ്യയാത്രയിൽ രാഷ്‌ട്രീയ പ്രശ്‌നങ്ങൾ മാറ്റിവച്ച് സാമ്പത്തിക ബന്ധങ്ങളിലും യുക്രൈൻ യുദ്ധത്തിലും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യാഴാഴ്‌ച ആരംഭിക്കുന്ന ദ്വിദിന യാത്രയിൽ ബോറിസ് ജോൺസൻ ആദ്യം ഗുജറാത്ത് സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ ഇന്ത്യയുമായി പുതിയ സാമ്പത്തിക ഇടപാടുകൾ നടത്താനും യുക്രൈൻ അധിനിവേശത്തിന് മറുപടിയായി ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീഴ്‌ത്താനും സാധിക്കുമെന്നും ബോറിസ് ജോൺസൺ പ്രതീക്ഷിക്കുന്നു.
യുക്രൈനിലെ സ്ഥിതിഗതികൾ വളരെ ആശങ്കാജനകമാണെന്നും ഇരുവിഭാഗങ്ങളോടും സമാധാനം പുലർത്തണമെന്നും മോദി അഭ്യർഥിച്ചു. എന്നാൽ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്യാൻ യുഎൻ ജനറൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. റഷ്യൻ എണ്ണയുടെയും വാതകത്തിന്റെയും ഇറക്കുമതി തടയാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവരുടെ ആവശ്യങ്ങളോട് സൗഹൃദപരമല്ലാത്ത പ്രതികരണമാണ് മോദിയുടെ ഭാഗത്തുനിന്നുണ്ടായത്.
റഷ്യയിൽ നിന്ന് വളരെ കുറച്ച് എണ്ണ മാത്രമാണ് ഇന്ത്യ വാങ്ങിക്കൊണ്ടിരുന്നത്. എന്നാൽ മറ്റ് ജനാധിപത്യ രാജ്യങ്ങൾ സാമ്പത്തിക ഉപരോധത്തിലൂടെ പുടിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങുന്ന എണ്ണയുടെ അളവ് വർധിപ്പിക്കുകയാണ് ഉണ്ടായത്. കൂടാതെ, കഴിഞ്ഞമാസം 3 ദശലക്ഷം ബാരൽ ക്രൂഡ് വാങ്ങുകയും ചെയ്തു. റഷ്യയുടെ ആയുധങ്ങളുടെ പ്രധാന ഉപഭോക്താവ് കൂടിയായ ഇന്ത്യ അടുത്തിടെ റഷ്യയുടെ നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങിയിരുന്നു.
പ്രതിരോധ സംവിധാനങ്ങളിലും ഊർജത്തിലും ഇന്ത്യക്ക് ബദൽ മാർഗങ്ങൾ നൽകുന്നതിന് ബ്രിട്ടൺ മറ്റ് രാജ്യങ്ങളുമായി പ്രവർത്തിക്കുമെന്ന് ജോൺസന്‍റെ വക്താവ് മാക്‌സ് ബ്ലെയ്ൻ പറഞ്ഞു.