ചെന്നൈ : കോണ്‍ഗ്രസിന്‍റെ പുത്തന്‍ സാമ്പത്തിക നയം പ്രഖ്യാപിച്ച് മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. വിദ്യഭ്യാസ - ആരോഗ്യ രംഗങ്ങളെ കൂടുതല്‍ ജനാധിപത്യവത്കരിക്കുക, രാജ്യത്ത് സമത്വം നിലനിര്‍ത്തുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവയ്ക്കാണ് പാര്‍ട്ടിയുടെ പ്രധാന പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുത്തന്‍ സാമ്പത്തിക നയം. ചെന്നെയില്‍ നടന്ന പരിപാടിയിലാണ് ചിദംബരം പുതിയ നയം പുറത്തിറക്കിയത്. കോണ്‍ഗ്രസോ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരോ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യപരിഗണന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുവേണ്ടി ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷിക കാര്‍ഷികേതര രംഗം, സാങ്കേതിക, പാരാമെഡിക്കല്‍ മേഖലകള്‍, ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങള്‍ എന്നിവിടങ്ങളിലാകും കൂടുതല്‍ തൊഴില്‍ നല്‍കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.
വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കില്ല : മുകളില്‍ പറയുന്നവയെല്ലാം മാന്യമായ ജോലികളാണ്. ഇത്തരം ജോലിചെയ്യുന്നവര്‍ക്ക് കുടുംബത്തേയും സമൂഹത്തേയും ഒരുപോലെ സംരക്ഷിക്കാനാകും. വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് യുവാക്കളെ വഞ്ചിക്കില്ലെന്ന് മാത്രമല്ല, 'പക്കവട ഉണ്ടാക്കുന്നതും ഒരു ജോലിയല്ലേ..?' എന്ന ചോദ്യം ചോദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ തൊഴിൽ പങ്കാളിത്ത നിരക്കും ഉയർന്ന തൊഴിലില്ലായ്മ നിരക്കും സംബന്ധിച്ച ആശങ്കകളും അദ്ദേഹം പങ്കുവച്ചു.
കേന്ദ്രസർക്കാരിലെ 8.7 ലക്ഷം ഒഴിവുകളും പ്രതിരോധ മേഖലയിലെ ഒരു ലക്ഷത്തിലധികം ഒഴിവുകളും ബാങ്കുകളിലെയും പൊതുമേഖലാ യൂണിറ്റുകളിലെയും ധാരാളം ഒഴിവുകളും കേന്ദ്രം നികത്തുന്നില്ല. വിശാലമായ നയം രൂപീകരിക്കുന്നതിൽ കേന്ദ്രത്തിന് അധികാരമുണ്ട്. പ്രാദേശിക സാഹചര്യങ്ങളും ആവശ്യങ്ങളും അനുസരിച്ച് നയങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കണം. ആരോഗ്യമേഖയില്‍ ഒരു നയം നടപ്പാക്കുമ്പോള്‍ ബിഹാറിലേയും കേരളത്തിലേയും ആരോഗ്യ മേഖലകളെ ഒരുപോലെ കാണരുത്.
വിദ്യാഭ്യാസത്തിന്‍റെ മൂല്യം വര്‍ധിപ്പിക്കണം : കേരളത്തില്‍ ആരോഗ്യ മേഖലയില്‍ ഉള്ള സംവിധാനം ബിഹാറില്‍ ഇല്ല. ഓരോ കുട്ടിക്കും 12 വർഷത്തെ സൗജന്യ സ്കൂൾ വിദ്യാഭ്യാസം കോൺഗ്രസ് ഉറപ്പാക്കും. ഇന്ന് ഏഴാം ക്ലാസിലെ ഒരു വിദ്യാർഥിക്ക് മൂന്നാം ക്ലാസിലെ പാഠപുസ്തകം ശരിയായി വായിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പകർച്ചവ്യാധികൾക്ക് ശേഷം ലോകമെമ്പാടും അസമത്വം വളരുകയാണ്, എന്നാൽ അത് ഏറ്റവും വേഗത്തിൽ വളരുന്നത് ഇന്ത്യയിലാണ്. സമ്പന്ന വിഭാഗങ്ങളിൽ നിന്ന് ദരിദ്രരിലേക്ക് അതിന്‍റെ കൈമാറ്റമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.