ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ ഗന്ദർബാൽ, ബന്ദിപ്പോര, കുൽഗാം എന്നിവിടങ്ങളില്‍ കൂടി സിനിമ തിയേറ്ററുകള്‍ ആരംഭിക്കുന്നത് കലാരംഗത്ത് സുപ്രധാന വഴിത്തിരിവാകുമെന്ന് ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ. ഇത് കശ്‌മീരിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതാണ്. ശ്രീനഗറിലെ ടാഗോര്‍ ഹാളില്‍ ന്യൂഡല്‍ഹിയിലെ സംഗീത നാടക അക്കാദമിയും ജമ്മുകശ്‌മീര്‍ അക്കാദമി ഓഫ് ആര്‍ട്ട് കള്‍ച്ചര്‍ ആന്‍ഡ് ലാംഗ്വേജസും ചേര്‍ന്ന് സംഘടിപ്പിച്ച അമൃത് യുവ കലോത്സവം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ജമ്മു കശ്‌മീരില്‍ സാംസ്‌കാരിക മേഖലയില്‍ വളര്‍ച്ചയുടെ കാലമാണ്. മനോഹരമായ കശ്‌മീര്‍ താഴ്‌വര ഇനി സാംസ്‌കാരിക വളര്‍ച്ചയാലും അഭിവൃദ്ധി പ്രാപിക്കുമെന്നും സിന്‍ഹ പറഞ്ഞു. രാജ്യത്തുടനീളമുള്ള യുവകലാകാരന്മാര്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വിവിധ വേദികളാണ് ഒരുങ്ങുന്നത്. സംഗീതം, നൃത്തം, നാടകം എന്നിവ കേവലം കലാരൂപങ്ങള്‍ മാത്രമല്ലെന്നും ജീവിതത്തിന്‍റെ വിശാലമായ അസ്‌തിത്വത്തിന്‍റെയും മഹത്തായ സാധ്യതകളുടെയും മുഴുവന്‍ പൂട്ടുകളും തുറക്കുന്നതാണെന്നും ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. കലാകാരന്മാര്‍ രാജ്യത്തിന്‍റെ യഥാര്‍ഥ സമ്പത്തും അഭിമാനവുമാണ്. അവരുടെ കൈവശമുള്ള സമ്പത്ത് മറ്റ് ഭൗതിക സമ്പത്തുകളുമായി താരതമ്യം ചെയ്യാനാകില്ല.
രാജ്യത്തുള്ള വിവിധ മതങ്ങളെയും ആചാരങ്ങളെയും സംസ്‌കാരങ്ങളെയും ഭാഷകളെയും ഐക്യത്തിന്‍റെ പാതയിലേക്ക് നയിക്കാനും ലോകം മുഴുവന്‍ അതിന്‍റെ സുഗന്ധം പരത്താനും സഹായകമാകുന്നതാണ് കലാകാരന്മാരുടെ കഴിവ്. ലോകമെമ്പാടുമുള്ള കലാകാരന്മാര്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും കനത്ത പ്രഹരമേല്‍പ്പിച്ച കാലഘട്ടമായിരുന്നു കൊവിഡ് മഹാമാരിയുടെ സമയം.
കശ്‌മീരിലെ വിവിധയിടങ്ങളിലെ സിനിമ തിയേറ്ററുകളുടെ പുനരുജ്ജീവനം സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നതെന്നും മനോജ് സിൻഹ പറഞ്ഞു. കൊവിഡ് മഹാമാരി കാലത്ത് കലാകാരന്മാര്‍ വളരെയധികം കഷ്‌ടപ്പെട്ടു. എന്നാലിപ്പോള്‍ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ള കാലാകാരന്മാര്‍ കശ്‌മീരിലേക്ക് വരുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട് - സിന്‍ഹ പറഞ്ഞു.
വര്‍ഷങ്ങളോളം അടച്ചുപൂട്ടിയ തിയേറ്ററുകള്‍ : വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം കശ്‌മീരില്‍ സിനിമ തിയേറ്ററുകള്‍ തുറന്നത് കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചതോടെ കശ്‌മീര്‍ താഴ്‌വരയില്‍ 15 തിയേറ്ററുകള്‍ അടച്ചുപൂട്ടുകയായിരുന്നു. ഇവയില്‍ ചിലത് സുരക്ഷാസേനയുടെ ക്യാമ്പുകളാക്കി മാറ്റുകയും ചെയ്‌തു. മറ്റ് ചില തിയേറ്ററുകള്‍ ഹോട്ടല്‍, ആശുപത്രി എന്നിവയാക്കി.
also read: പഠാന്‍ ചലനം കശ്‌മീരിലും; 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗസ്‌ഫുള്‍ ആയി കശ്‌മീര്‍ തിയേറ്റര്‍
വര്‍ഷങ്ങളോളം അടച്ചുപൂട്ടിയ തിയേറ്ററുകള്‍ 1999ല്‍ ഫാറൂഖ് അബ്‌ദുള്ള മുഖ്യമന്ത്രിയായിരിക്കെ തുറന്നെങ്കിലും ആദ്യ പ്രദര്‍ശനത്തിനിടെ ഭീകരാക്രമണമുണ്ടായി. ഇതോടെയാണ് തിയേറ്ററുകള്‍ക്ക് വീണ്ടും പൂട്ടുവീണത്.