ശ്രീനഗർ: ഔദ്യോഗിക വസതി ഒഴിയാൻ ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തിക്ക് നോട്ടിസ് അയച്ച് ഭരണകൂടം. അതീവ സുരക്ഷയുള്ള ഗുപ്‌കർ ഏരിയയിലെ ഫെയർ വ്യൂ ബംഗ്ലാവ് ഒഴിയാനാണ് മെഹബൂബ മുഫ്‌തിക്ക് നോട്ടിസ് നൽകിയത്. ജമ്മു കശ്‌മീർ ഭരണകൂടത്തിന്‍റെ നീക്കം ആശ്ചര്യപ്പെടുത്തുന്നില്ല എന്നും ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും മെഹബൂബ നോട്ടിസ് ലഭിച്ചതിന് ശേഷം പ്രതികരിച്ചു.
മറ്റൊരു ബംഗ്ലാവ് മെഹബൂബയ്ക്ക് വാഗ്‌ദാനം ചെയ്‌തതായാണ് ലഭ്യമാകുന്ന വിവരം. ബംഗ്ലാവ് ജമ്മു കശ്‌മീർ മുഖ്യമന്ത്രിക്ക് വേണ്ടിയുള്ളതാണെന്നാണ് നോട്ടിസിൽ പരാമർശിക്കുന്നതെങ്കിലും അത് ശരിയല്ല എന്ന് മുഫ്‌തി പറയുന്നു. 2005 ഡിസംബറിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഒഴിഞ്ഞതിന് ശേഷം തന്‍റെ പിതാവ് മുഫ്‌തി മുഹമ്മദ് സയീദിന് അനുവദിച്ച വസതിയാണിത്. അതിനാൽ ഭരണകൂടം പറഞ്ഞ വസതി ഒഴിയുന്നതിന് നോട്ടിസിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ ശരിയല്ലെന്നും മെഹബൂബ മുഫ്‌തി പറയുന്നു.
നോട്ടിസിനെതിരെ കോടതിയിൽ പോകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തനിക്ക് താമസിക്കാൻ സ്വന്തമായി മറ്റ് സ്ഥലമില്ല എന്നും അതിനാൽ നിയമോപദേശകരുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും മുഫ്‌തി പറഞ്ഞു.