ന്യൂഡൽഹി: പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. ന്യൂഡൽഹിയിലെ രോഹിണി ജില്ലയിലെ ബേഗംപൂരിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ ഓഫിസിൽ എത്തിയായിരുന്നു യുവാവ് ആക്രമണം നടത്തിയത്. സംഭവത്തിൽ പരിക്കേറ്റ പെണ്‍കുട്ടി നിലവിൽ ചികിത്സയിലാണ്. ഇവർ ഗുരുതരാവസ്ഥ തരണം ചെയ്‌തതായി പൊലീസ് അറിയിച്ചു.
ജെജെ കോളനിയിലെ താമസക്കാരനായ അമിത് കിരണ്ടി എന്ന 20 കാരനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പെണ്‍കുട്ടിയും ജെജെ കോളനിയിലാണ് താമസിക്കുന്നത്. അമിതിന്‍റെ മൂത്ത സഹോദരിയുടെ ഓഫിസിലാണ് പെണ്‍കുട്ടി ജോലി ചെയ്‌തിരുന്നത്. എക്‌സിബിഷനുകളിൽ സ്റ്റാളുകൾ ഡിസൈൻ ചെയ്യുന്നതിനുള്ള കരാർ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനമായിരുന്നു ഇത്. പ്രതി അമിത് സഹോദരിയെ സഹായിക്കാനായി പലതവണ ഓഫിസിൽ എത്തിയിരുന്നു.
ഇതുവഴിയാണ് ഇയാൾ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. ഇതിനിടെ പലതവണ ഇയാൾ പെണ്‍കുട്ടിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ ഇവർ അതെല്ലാം നിരസിക്കുകയായിരുന്നു. ഇതിനിടെ ഇയാൾ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. തുടർന്ന് സംഭവ ദിവസം പ്രതി പെണ്‍കുട്ടിയുടെ ഓഫിസിലെത്തുകയും വീണ്ടും പ്രണയാഭ്യർഥന നടത്തുകയും ചെയ്‌തു.
പെണ്‍കുട്ടി ഇത്തവണയും അത് നിരസിച്ചു. ഈ ദേഷ്യത്തിൽ അമിത് ഓഫിസിലെ അടുക്കളയിലേക്ക് പോവുകയും അവിടെയുണ്ടായിരുന്ന കത്തി എടുത്ത് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു . ഉടൻ തന്നെ താഴത്തെ നിലയിലേക്ക് ഓടിയ പെണ്‍കുട്ടി അവിടെയുള്ള ഓഫിസിൽ അഭയം പ്രാപിച്ചു. ഇതിനിടെ പ്രതി അവിടേക്ക് എത്തിയെങ്കിലും സഹപ്രവർത്തകർ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
തുടർന്ന് ഇവർ ചേർന്ന് ഇയാളെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷം പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പെണ്‍കുട്ടിയെ ബിഎസ്‌എ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. പിന്നാലെ സംഭവ സ്ഥലത്തെത്തിയ പൊലീസ് ഓഫിസ് മുറി തുറന്ന് അകത്ത് കടന്നപ്പോൾ അമിതിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: കഴിഞ്ഞ ദിവസം വിവാഹത്തിൽ നിന്ന് പിന്മാറിയെന്നാരോപിച്ച് യുവാവ് പെണ്‍കുട്ടിയെ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ബിഹാറിലെ ഡിഗ്ഗി പഞ്ചായത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. ബരിബേല സ്വദേശിയായ ചന്ദൻ കുമാറാണ് പെണ്‍കുട്ടിയെ 12ലേറെ തവണ കഠാര കൊണ്ട് കുത്തിയത്.
ആക്രമണത്തിൽ പരിക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ വയറില്‍ അഞ്ച് മാരകമായ മുറിവുകളാണ് കണ്ടെത്തിയത്. സംഭവ ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുമായി താൻ പ്രണയത്തിലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ചന്ദൻ പൊലീസിനോട് പറഞ്ഞു.
പെൺകുട്ടി തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി പിന്നീട് പിന്മാറുകയായിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകി. അതേസമയം പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ചന്ദന്‍ കുമാറുമായുള്ള വിവാഹം വേണ്ടെന്ന് വച്ചതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.