കൊക്രജാര്‍ (അസാം): ഗുജറാത്ത് എംഎല്‍എയും ദലിത് ആക്‌ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനി വീണ്ടും അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ട്വീറ്റ് ചെയ്‌തതിന് കഴിഞ്ഞ ആഴ്‌ച അദ്ദേഹത്തെ അസം പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. ആ കേസില്‍ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് വീണ്ടും നടപടി.
കൊക്രജാറിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ആദ്യത്തെ കേസില്‍ മേവാനിക്ക് ജാമ്യം അനുവദിച്ചത്. അസമിലെ ബാര്‍പ്പെട്ട ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് ജിഗ്നേഷ് മേവാനിക്കെതിരെ പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 294, 323, 353, 354 വകുപ്പുകള്‍ ചുമത്തിയാണ് അദ്ദേഹത്തെ കസ്‌റ്റഡിയിലെയുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രദേശിക ബിജെപി നേതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുജറാത്തിലെ പലന്‍പുരിലെ വസതിയില്‍ നിന്നാണ് ആദ്യത്തെ കേസില്‍ ജിഗ്നേഷ് അറസ്‌റ്റിലായത്. തുടര്‍ന്ന് അസമിലെ കൊക്രജാറിലെ സിജെഎം കോടതിയിൽ ഹാജരാക്കിയ ശേഷം മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. കസ്‌റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ ഇന്നാണ് (25 ഏപ്രില്‍ 2022) അദ്ദേഹത്തിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.
ഗുജറാത്തിലെ വാദ്ഗാം മണ്ഡലത്തിലെ എംഎല്‍എയാണ് മേവാനി. കഴിഞ്ഞ വര്‍ഷം കനയ്യ കുമാറിനൊപ്പമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ അംഗത്വം എടുത്തത്. ദലിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളിലൂടെയും ശ്രദ്ദേയനായ വ്യക്തിയാണ് അദ്ദേഹം.