റാഞ്ചി: കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ജാർഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത. മികച്ച വാക്സിനേഷൻ ഡ്രൈവുകൾ നടത്തുന്ന സംസ്ഥാനങ്ങളിൽ ജാർഖണ്ഡിന് 19ാം സ്ഥാനം നൽകിയതിൽ ആണ് ആരോഗ്യമന്ത്രിയുടെ വിമർശനം. പെട്രോൾ ഡീസൽ വില വർധനവിൽ നിന്നുണ്ടാക്കിയ പണം എവിടെയെന്നും ആരോഗ്യമന്ത്രി ചോദിച്ചു.
"വാക്സിനേഷൻ നിർമാണ സംസ്ഥാനമല്ല ജാർഖണ്ഡ്. ഞങ്ങൾ കേന്ദ്ര സർക്കാരിനെ ആശ്രയിക്കുന്നു. കേന്ദ്രം വാക്സിനുകൾ നൽകിയില്ലെങ്കിൽ ഞങ്ങൾ എന്തുചെയ്യും? ബജറ്റിൽ അനുവദിച്ച 35,000 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. വാഗ്ദാനം ചെയ്ത 20 ലക്ഷം കോടി രൂപ എവിടെ?", ആരോഗ്യമന്ത്രി ചോദിച്ചു.
ജാർഖണ്ഡ് വാക്സിനുകൾ പാഴാക്കുന്നുവെന്ന് പറഞ്ഞ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. കേന്ദ്രം ഞങ്ങൾക്ക് വാക്സിനുകൾ നൽകിയിട്ടില്ല. എന്നാലും പാഴാക്കലിനെക്കുറിച്ചാണ് സംസാരിക്കുന്നത്. നാല് ശതമാനം മാത്രമാണ് ഇവിടെ വാക്സിനുകൾ പാഴാകുന്നത്. ഒരു ദരിദ്ര സംസ്ഥാനമെന്ന നിലയിൽ വാക്സിൻ ഡോസുകളുടെ പ്രാധാന്യം ഞങ്ങൾക്കറിയാം. ഞങ്ങൾ വാക്സിനുകൾ പാഴാക്കുന്നില്ല, അവ നന്നായി ഉപയോഗപ്പെടുത്തുന്നു.", ആരോഗ്യമന്ത്രി പ്രതികരിച്ചു.
Also Read: സൗജന്യ വാക്സിൻ നൽകിയ മോദിക്ക് നന്ദി പറഞ്ഞ് ബാനര്‍ വയ്ക്കണം; വിവാദ ഉത്തരവുമായി യുജിസി
വാക്സിൻ പാഴാക്കുന്നതിൽ ജാര്‍ഖണ്ഡാണ് ഏറ്റവും മുന്നിലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.ബ്ലാക്ക് ഫംഗസിനെ സംസ്ഥാനത്ത് പകർച്ചവ്യാധി ആയി പ്രഖ്യാപിച്ചു. മികച്ച ചികിത്സ ഒരുക്കാൻ ഇത് സഹായിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.