അമൃത്‌സര്‍ : പഞ്ചാബ് രാഷ്‌ട്രീയത്തിലെ അതികായരായ രണ്ട് പേരെ ആം ആദ്‌മി പാർട്ടി വനിത സ്ഥാനാർഥി ജീവൻ ജ്യോത് കൗർ പരാജയത്തിന്‍റെ കയ്‌പ്പുനീർ കുടിപ്പിച്ചെന്ന വാര്‍ത്ത വരുന്നത് അന്താരാഷ്‌ട്ര വനിത ദിനത്തിന് രണ്ട് നാള്‍ക്കിപ്പുറമാണ്. ഇതുവരെ രാഷ്‌ട്രീയ ജീവിതത്തിൽ വിജയ മധുരം മാത്രം അനുഭവിച്ചിട്ടുള്ള പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു, ശിരോമണി അകാലിദളിന്‍റെ ബിക്രം സിങ് മജീതിയ എന്നിവരെയാണ് അവര്‍ തറപറ്റിച്ചത്.
സിദ്ദുവിനെതിരെ 6,750 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജീവൻ ജ്യോത് വിജയിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകൾ പ്രകാരം ജീവൻ ജ്യോത് 39,679 വോട്ടുകൾ നേടിയപ്പോൾ സിദ്ദുവിന് 32,929ഉം മജീതിയക്ക് 25,188ഉം വോട്ടുകളാണ് നേടാൻ സാധിച്ചത്.
ആരാണ് ജീവൻ ജ്യോത് കൗർ
പാർട്ടിയുടെ അമൃത്‌സര്‍ (അർബൻ) ജില്ല പ്രസിഡന്‍റാണ് ജീവൻ ജ്യോത് കൗർ. ജീവൻ ജ്യോത് ആദ്യമായി മത്സരിക്കുന്ന തെരഞ്ഞെടുപ്പുമാണിത്. സാമൂഹിക പ്രവർത്തകയായ ജീവൻ ജ്യോതിന്‍റെ ആർത്തവ ശുചിത്വം പ്രോത്‌സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അമൃത്‌സറിന്‍റെ 'പാഡ് വുമണ്‍' എന്ന പേര് അവർക്ക് നേടിക്കൊടുത്തു.
പ്ലാസ്റ്റിക് സാനിറ്ററി പാഡുകളെക്കുറിച്ചുള്ള അവബോധം സൃഷ്‌ടിക്കുകയും സ്ത്രീകൾക്ക് പുനരുപയോഗിക്കാവുന്ന സാനിറ്ററി പാഡുകൾ വിതരണം ചെയ്യുകയും ചെയ്യുന്ന എസ്.എച്ച്.ഇ സൊസൈറ്റിയുടെ ചെയർപേഴ്‌സണായിരുന്നു അവര്‍. സ്ത്രീകൾക്ക് പുനരുപയോഗിക്കാവുന്ന പാഡുകൾ നൽകുന്നതിനായി സ്വിസ് ആസ്ഥാനമായ കമ്പനിയുമായി ജീവൻ ജ്യോത് കരാറിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
'പഞ്ചാബിലെ വിജയം ജനങ്ങളുടെ വിജയം'
എഎപിയുടെ വികസന മാതൃകയിൽ അർപ്പിക്കപ്പെട്ട വിശ്വാസം ജനങ്ങളുടെ വിജയമാണെന്നും കെജ്‌രിവാളിനും ഭഗവന്ത് മാനിനും അവസരം നൽകിയതിന് അമൃത്‌സര്‍ ഈസ്റ്റിലെ എല്ലാ വോട്ടർമാരോടും നന്ദി പറയുന്നുവെന്നും ജീവൻ ജ്യോത് മാധ്യമങ്ങളോട് പ്രതികരിച്ചു.
അമൃത്‌സര്‍ ഈസ്റ്റിനെ സിദ്ദുവും മജീതിയയും തമ്മിലുള്ള പോരാട്ടമായി മാത്രം കണക്കാക്കിയിടത്താണ് ജീവൻ ജ്യോത് മത്സര വിജയം നേടിയത്. ഡിസംബർ മൂന്നിനാണ് സ്ഥാനാർഥിയായി തന്നെ പ്രഖ്യാപിച്ചത്. അന്നുമുതൽ ജനങ്ങൾക്കിടയിലും വീടുകൾ തോറും പ്രചാരണം നടത്താൻ ആരംഭിച്ചു. അന്നുമുതൽ പഞ്ചാബ് സ്വത്വ രാഷ്ട്രീയത്തിന് അതീതമായി മാറിയിരിക്കുന്നു എന്നതിനുള്ള സൂചനകൾ ലഭിച്ചുവെന്നും ജീവൻ ജ്യോത് മാധ്യമങ്ങളോട് വ്യക്തമാക്കി.
Also Read: പാഴായ പ്രചാരണം ; അടിതെറ്റി കോണ്‍ഗ്രസ്, ഗാന്ധി സഹോദരങ്ങളിലുള്ള വിശ്വാസം ഇടിയുന്നോ ?