ന്യൂഡൽഹി: ഇന്ത്യയിലെ അഭിമാനകരമായ സാഹിത്യത്തിനുള്ള ജെസിബി പുരസ്‌കാരത്തിന്‍റെ അഞ്ചാം എഡിഷന്‍റെ ചുരുക്കപ്പട്ടികയിൽ മലയാളി എഴുത്തുകാരി ഷീല ടോമിയുടെ വല്ലിയും. ജയശ്രീ കളത്തിൽ ആണ് വല്ലി വിവർത്തനം ചെയ്‌തത്. ഷീല ടോമിയുടെ വല്ലി ഉൾപ്പെടെ അഞ്ച് വിവർത്തന കൃതികളാണ് ഈ വർഷത്തെ ജെസിബി പുരസ്‌കാരത്തിന്‍റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്.
ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' (Ret Samadhi) എന്ന ഹിന്ദി നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷയായ ഡെയ്‌സി റോക്ക്‌വെൽ വിവർത്തനം ചെയ്‌ത 'ടോമ്പ് ഓഫ് സാന്‍ഡ്', ഉറുദുവിൽ നിന്ന് ബാരൻ ഫറൂഖി വിവർത്തനം ചെയ്‌ത ഖാലിദ് ജാവേദിന്‍റെ 'ദ പാരഡൈസ് ഓഫ് ഫുഡ്', ബംഗാളിയില്‍ നിന്ന് അരുണാവ സിന്‍ഹ വിവർത്തനം നിർവഹിച്ച മനോരഞ്ജന്‍ ബ്യാപാരിയുടെ ഇമാന്‍, നേപ്പാളിയില്‍ നിന്ന് അജിത് ബാരല്‍ വിവർത്തനം ചെയ്‌ത ചുഡന്‍ കബിമോയുടെ സോങ് ഓഫ് ദി സോയില്‍ എന്നിവയാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മറ്റ് വിവർത്തനങ്ങൾ.
മുൻവർഷങ്ങളിലെ ജെസിബി പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികകളിൽ ബംഗാളി, മലയാളം കൃതികൾ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഉറുദു, ഹിന്ദി, നേപ്പാളി കൃതികൾ ആദ്യമായാണ് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. വിവർത്തനത്തിനാണ് പുരസ്‌കാരമെങ്കിൽ വിവർത്തകന് 10 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
കഴിഞ്ഞ മാസം പ്രഖ്യാപിച്ച പുരസ്‌കാരത്തിന്‍റെ ആദ്യഘട്ട പട്ടികയിൽ 10 കൃതികൾ ഇടംപിടിച്ചിരുന്നു. ഇതിൽ ആറെണ്ണം വിവർത്തനമായിരുന്നു. പത്രപ്രവർത്തകനും എഡിറ്ററുമായ എ എസ് പനീർശെൽവൻ, എഴുത്തുകാരൻ അമിതാഭ ബാഗ്ചി, എഴുത്തുകാരിയും അധ്യാപികയുമായ രാഖി ബലറാം, വിവർത്തകയും ചരിത്രകാരിയുമായ ജെ ദേവിക, എഴുത്തുകാരി ഡോ. ജാനിസ് പരിയാട്ട് എന്നിവരടങ്ങിയ പാനലാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട കൃതികൾ തെരഞ്ഞെടുത്തത്.
സാഹിത്യത്തെ വിലയിരുത്തുന്നത് വെല്ലുവിളിയാണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാ നോവലുകളും സഹാനുഭൂതി, സഹജീവികളോടുള്ള കരുതൽ എന്നീ ആശയങ്ങളെ ഉദാഹരിക്കുന്നവയാണ് എന്ന് പാനൽ അധ്യക്ഷനായ പനീർശെൽവൻ പറഞ്ഞു. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട അഞ്ച് എഴുത്തുകാർക്ക് ഒരു ലക്ഷം രൂപ വീതവും വിവർത്തകർക്ക് 50,000 രൂപ വീതവും സമ്മാനമായി ലഭിക്കും. നവംബർ 19നാണ് പുരസ്‌കാരം പ്രഖ്യാപിക്കുക.