മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ കളിക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി ജയ് ഷാ. 2023ല്‍ പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യ കപ്പില്‍ ഇന്ത്യ പങ്കെടുക്കുമെന്ന തരത്തില്‍ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിച്ചാല്‍ ടീം ഇന്ത്യ പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യ കപ്പില്‍ പങ്കെടുക്കുമെന്നായിരുന്നു വാർത്തകൾ. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഏഷ്യ കപ്പ് നിഷ്‌പക്ഷ വേദിയിലായിരിക്കും നടക്കുക എന്നും ജയ് ഷാ വ്യക്തമാക്കി.
ബിസിസിഐയുടെ വാർഷിക യോഗത്തിന് ശേഷം മുംബൈയില്‍ മാധ്യമപ്രവർത്തകരോടാണ് ജയ് ഷാ നിലപാട് പരസ്യമാക്കിയത്. 2025ല്‍ നടക്കേണ്ട ചാമ്പ്യൻസ് ട്രോഫിയുടെ വേദി സംബന്ധിച്ചും തീരുമാനിയിട്ടില്ലെന്ന് ജയ് ഷാ പറഞ്ഞു. സംപ്രേക്ഷണ അവകാശം വഴി ബിസിസിഐയ്ക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്നും അത് ഇന്ത്യൻ ആഭ്യന്തര താരങ്ങളുടെ ശമ്പള വർധനവിന് അടക്കം ഉപയോഗിക്കുമെന്നും ജയ് ഷാ പറഞ്ഞു.