മുംബൈ : ബോളിവുഡ് എഴുത്തുകാരന്‍ ജാവേദ് അക്തർ താലിബാനെ ആർഎസ്എസുമായി താരതമ്യപ്പെടുത്തിയതിനെതിരെ ബിജെപി. ജാവേദ് അക്തർ ഇക്കാര്യത്തിൽ ക്ഷമ ചോദിക്കുന്നത് വരെ അദ്ദേഹത്തിന്‍റെ സിനിമകൾ രാജ്യത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു മഹാരാഷ്ട്ര എംഎൽഎയും ബിജെപി വക്താവുമായ രാം കദത്തിന്‍റെ പ്രസ്താവന.
ഒരു ദേശീയ വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് ജാവേദ് അക്തർ, താലിബാനും ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരും ഒരേ പോലെയാണെന്ന് പ്രതികരിച്ചത്.
'ലോകമെമ്പാടുമുള്ള വലതുപക്ഷ ചിന്താഗതിക്കാരും താലിബാനും ഒരേ കാര്യങ്ങളാണ് ആഗ്രഹിക്കുന്നത്,താലിബാൻ ഇസ്ലാമിക് സ്റ്റേറ്റ് ആഗ്രഹിക്കുന്നതുപോലെ തന്നെയാണ് ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരും. ഈ ആളുകൾ ഒരേ ചിന്താഗതിക്കാരാണ്. അത് ഇപ്പോൾ മുസ്ലീം, ക്രിസ്ത്യൻ, ജൂതൻ എന്നിങ്ങനെ ഏതായാലും അങ്ങനെ തന്നെ'.
Also read: 'ബി.ജെ.പി ഭരണകൂടം ജനങ്ങളെ ഒറ്റിക്കൊടുത്തു'; ത്രിപുരയെ മമത രക്ഷിക്കുമെന്ന് സുസ്‌മിത ദേവ്
'താലിബാന്‍റെ പ്രവർത്തനങ്ങൾ അപലപനീയമാണ്', എന്നാൽ ആർഎസ്എസിനെയും വിഎച്ച്പിയെയും ബജ്‌റംഗദളിനെയും പിന്തുണയ്ക്കുന്നവർ എല്ലാവരും ഒരുപോലെയാണെ്'- ജാവേദ് അക്തർ പറഞ്ഞു.
അതേസമയം ജാവദ് അക്തറിന്‍റെ വാക്കുകൾ സംഘത്തിന്‍റെയും വിശ്വഹിന്ദു പരിഷത്തിന്‍റെയും കോടിക്കണക്കിന് പ്രവർത്തകരില്‍ വേദനയുളവാക്കുന്നതാണെന്ന് ബിജെപി വക്താവ് രാം കദം ട്വീറ്റ് ചെയ്തു. 'രാഷ്ട്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സംഘത്തിന്‍റെ ഭാരവാഹികളോട് കൈ കൂപ്പി മാപ്പ് പറയുന്നതുവരെ ഭാരതഭൂമിയിൽ അദ്ദേഹത്തിന്‍റെ ഒരു സിനിമയും പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങൾ അനുവദിക്കില്ല'- രാം കദം കുറിച്ചു.