ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ രൂക്ഷമായ സാഹചര്യത്തില്‍ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ നൽകുന്നതിന് ജപ്പാൻ സർക്കാരും യുഎൻ വികസന പദ്ധതിയും (യുഎൻഡിപി) കൈകോര്‍ത്തു. യുഎൻഡിപി ഇന്ത്യയ്ക്ക് നൽകിയ പ്രസ്താവന അനുസരിച്ച് 2020 ജൂൺ മുതൽ, ജാപ്പനീസ് സർക്കാരും യുഎൻഡിപിയും സംയുക്തമായി ആരോഗ്യ സാമൂഹിക സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും, സാധാരണ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യും.
ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പല ആശുപത്രികളിലും ഓക്സിജന് വലിയ തോതിലുള്ള ക്ഷാമമാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ തടസ്സമില്ലാത്ത ഓക്സിജൻ വിതരണം ഉറപ്പാക്കുന്നതിന്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിൽ എട്ട് പ്രഷർ സ്വിംഗ് അബ്സോർപ്ഷൻ (പിഎസ്എ) ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് ജപ്പാന്‍ സഹായം നല്‍കും.
Also Read: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
ഏകദേശം 1,300 കിടക്കകളുള്ള ആശുപത്രികൾ ഈ പ്രദേശത്ത് ഓക്സിജൻ ഉത്പാദന പ്ലാന്‍റുകൾക്കായി കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് സമീപമുള്ള മറ്റ് ആശുപത്രികള്‍ക്ക് അധിക ഓക്സിജൻ വിതരണം ചെയ്യും. ഓക്സിജൻ ഉത്പാദനം എത്രയും വേഗം ആരംഭിക്കുന്നതിനായി ഇൻസ്റ്റലേഷൻ സൈറ്റുകൾ തയ്യാറാക്കുന്നതായി യുഎൻഡിപി ഇന്ത്യ പറഞ്ഞു. വെന്റിലേറ്ററുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെ നിർണായക മെഡിക്കല്‍ സഹായങ്ങള്‍ ഇന്ത്യയ്ക്ക് നൽകുന്നതിന് ജപ്പാന്‍ സജ്ജമാണ്. വിഷമഘട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് ജപ്പാന്‍ എക്സ്ട്രാഡറിനറി, പ്ലീനിപൊട്ടൻഷ്യറി അംബാസഡർ സതോഷി സുസുക്കി പറഞ്ഞു.