ടോക്കിയോ: ബഹിരാകാശ യാത്രകള്‍ക്കുള്ള ഇന്ധനങ്ങള്‍ക്കിനി കനത്ത വില നല്‍കേണ്ടി വരില്ല. ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍ മാറ്റത്തിന് തിരികൊളുത്താവുന്ന കണ്ടുപിടുത്തവുമായി ശാസ്ത്ര ലേകത്തെ ഞെട്ടിച്ചിരിക്കുകയാണ് ജാപ്പനീസ് സ്റ്റാര്‍ട്ട് അപ് കമ്പനിയായ ഇന്‍റര്‍സ്റ്റെല്ലര്‍ ടെക്നോളജീസ്. കമ്പനി ആദ്യമായി വികസിപ്പിച്ചെടുത്ത റോക്കറ്റ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നത് ചാണകത്തില്‍ നിന്ന് വേര്‍തിരിച്ച മീഥൈന്‍ വാതകം ഉപയോഗിച്ചാണ്. Japanese engineers have successfully test-fired a space rocket engine which runs on Cow Dung
- " class="align-text-top noRightClick twitterSection" data="">
ഇന്‍റര്‍സ്റ്റെല്ലര്‍ ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി വികസിപ്പിച്ച എന്‍ജിന്‍റെ ആദ്യ പരീക്ഷണം ഹൊക്കൈഡാമോ ബഹിരാകാശ കേന്ദ്രത്തില്‍ നടന്നു. ചാണകം പത്ത് സെക്കന്‍റോളം കത്തിച്ച ശേഷമുയര്‍ന്ന വാതകം ഉപയോഗിച്ചാണ് എന്‍ജിന്‍റെ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് നടന്നത്. ഈ മാസം ഏഴിനായിരുന്നു ഈ പരീക്ഷണം. ദ്രവീകൃത ഓക്സിജന്‍ ഓക്സിഡൈസറായി ഉപയോഗിച്ച് ചാണകത്തില്‍ നിന്നെടുക്കുന്ന ദ്രവീകൃത ബയോ മീഥൈന്‍ ഇന്ധനമായി കൂട്ടിക്കലര്‍ത്തി ഉപയോഗിച്ചാണ് ഈ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുക. കോസ്മൊസ് എന്‍ജിന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ എന്‍ജിന്‍ സീറോ റോക്കറ്റിന് വേണ്ടിയാണ് വികസിപ്പിച്ചിരിക്കുന്നത്.
2025ലാകും സീറോ റോക്കറ്റ് ആദ്യമായി ഉപഗ്രഹവും വഹിച്ച് യാത്ര പുറപ്പെടുക. 105 അടി നീളവും 7.5 അടി വ്യാസവും ഉള്ള റോക്കറ്റാണിത്. 800 കിലോ ഭാരവാഹക ശേഷിയും ഇതിനുണ്ട്. ഭൂമിയുടെ ഏറ്റവും താഴ്ന്ന ഭ്രമണ പഥത്തിലായിരിക്കും സീറോ റോക്കറ്റ് ബഹിരാകാശ പേടകത്തെ വിക്ഷേപിക്കുക. ഹൊക്കൈഡാമോ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാകും വിക്ഷേപണം. സ്പേസ് എക്സ് കമ്പനിയുടെ മെര്‍ലിന്‍ എഞ്ചിനുകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യ പരകിഷ്കരിച്ചാണ് കോസ്മോസ് എഞ്ചിനിലും ഉപയോഗിച്ചിരിക്കുന്നത്. ജാപ്പനീസ് ബഹിരാകാശ പര്യവേഷണ ഏജന്‍സി JAXA ജാക്സായും ടോക്കിയോ സര്‍വകലാശാലയും ആയി സഹകരിച്ചാണ് ഇതിന്‍റെ പിന്‍റില്‍ ഇഞ്ചക്റ്റര്‍ തയ്യാറാക്കിയത്.
മീഥേന്‍ ഇന്ധനമാക്കിയുള്ള റോക്കറ്റ് വിക്ഷേപണം ഇതാദ്യമല്ലെങ്കിലും ചാണകത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന മീഥേന്‍ വാതകം അടിസ്ഥാനമാക്കി റോക്കറ്റ് അയക്കാമെന്ന് തെളിയിക്കപ്പെടുന്നത് ഇതാദ്യമാണ്. റോക്കറ്റില്‍ ദ്രവീകൃത ഇന്ധനം ഉപയോഗിച്ച് ഏഷ്യയില്‍ ആദ്യമായി റോക്കറ്റ് വിക്ഷേപണം നടത്തുന്ന വാണിജ്യ സ്ഥാപനം തങ്ങളാണെന്ന് ഇന്‍റര്‍സ്റ്റെല്ലര്‍ ടെക്നോളജീസ് അവകാശപ്പെടുന്നു. മോമോ എഫ് 3 സബ് ഓര്‍ബിറ്റല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് ഇവര്‍ വിക്ഷേപണം നടത്തുന്നത്.
പരിസ്ഥിതി സൗഹൃദ റോക്കറ്റ് ഇന്ധനമെന്ന പ്രത്യേകത കൂടി ഇതിനുണ്ടെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.പ്രദേശത്തെ ഡയറി ഫാമുകളില്‍ നിന്ന് ശേഖരിച്ച ചാണകം ഉപയോഗിച്ചാണ് ജ്വലന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ചാണകം ഉപയോഗിച്ചുള്ള ബയോഗ്യാസിനെ ലിക്വിഡ് ബയോ മീഥേന്‍ ആക്കി മാറ്റിയാണ് റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കുന്നത്. ക്ഷീര കര്‍ഷകരില്‍ നിന്നുള്ള ബയോഗ്യാസ് തുടര്‍ന്നങ്ങോട്ട് വാങ്ങിക്കാന്‍ കമ്പനി കരാര്‍ ഒപ്പു വെച്ചു കഴിഞ്ഞു. യഥേഷ്ടം ലഭിക്കുമെന്നതും പരിസ്ഥിതി മലിനീകരണം കുറവാണെന്നതും ചെലവ് കുറവാണെന്നതും ഒക്കെ ഈ പരിസ്ഥിതി സൗഹൃദ റോക്കറ്റ് ഇന്ധനത്തെ വരും നാളുകളില്‍ ഏറെ പ്രിയങ്കരമാക്കാനിടയുണ്ട്. സ്പേസ് എക്സ് പോലുള്ള കമ്പനികള്‍ അവരുടെ പര്യവേഷണങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ ലിക്വിഡ് മീഥേന്‍ ഉപയോഗിക്കുന്നുണ്ട്.
പാരമ്പര്യേതര ഇന്ധനങ്ങളുപയോഗിക്കുന്നതില്‍ ചൈനയുടെ ലാന്‍ഡ് സ്പെയ്സ് എന്ന വാണിജ്യ ബഹിരാകാശ ഗവേഷണ കേന്ദ്രവും ഇക്കൊല്ലം ചില നിര്‍ണായക നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മീഥൈന്‍ ഇന്ധനമാക്കി സുക്യു2, മണ്ണെണ്ണ ഇന്ധനമാക്കി ടിയാന്‍ലോംഗ് എന്നീ റോക്കറ്റുകള്‍ ചെനീസ് കമ്പനി വിജയകരമായി പരീക്ഷിച്ചിരുന്നു.
മീഥൈന്‍ ഇന്ധനമായി ഉപയോഗിച്ച് ഭ്രമണപഥത്തിലെത്തുന്ന ആദ്യ റോക്കറ്റാകും സുക്യു2. എന്നാല്‍ തൊട്ടടുത്ത മാസങ്ങളില്‍ മീഥൈന്‍ ഉപയോഗിച്ചുള്ള കൂടുതല്‍ വലിയ റോക്കറ്റുകള്‍ വിക്ഷേപിക്കപ്പെടും.
കന്നുകാലി വളര്‍ത്തലിലൂടെ ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകമായ മീഥേൻ ഗണ്യമായ അളവിൽ പുറന്തള്ളുന്നുവെന്ന ആരോപണം വികസിത രാജ്യങ്ങള്‍ ഏറെക്കാലമായി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് വ്യക്തമായ സംഭാവന നൽകുന്നതാണ് ജാപ്പനീസ് കമ്പനിയുടെ പുതിയ കണ്ടെത്തല്‍. ഈ നീക്കം കാർബൺ ന്യൂട്രാലിറ്റിക്കും കാര്യമായ സംഭാവന നൽകും .