ബംഗളൂരു : യഥാര്‍ത്ഥ ജെഡി എസ് ആരുടേതെന്ന കാര്യത്തില്‍ അവകാശ വാദവുമായി ബംഗളൂരുവില്‍ ഔദ്യോഗിക വിമത പക്ഷങ്ങള്‍ ദേശീയ നേതൃയോഗങ്ങള്‍ വിളിച്ചു. ജെഡി എസ്. ദേശീയ വൈസ് പ്രസിഡണ്ടും മുന്‍ മന്ത്രിയുമായ സി.കെ നാണുവാണ് ആദ്യം ദേശീയ നിര്‍വാഹക സമിതി യോഗം വിളിച്ചത്. തിങ്കളാഴ്ച ബംഗളൂരുവില്‍ നടക്കുന്ന യോഗത്തിനെത്താനുള്ള അറിയിപ്പ് ജെഡി എസിന്‍റെ വിവിധ സംസ്ഥാന അദ്ധ്യക്ഷന്‍മാര്‍ക്കും ഉപാധ്യക്ഷന്‍മാര്‍ക്കും ദേശീയ നേതാക്കള്‍ക്കും ലഭിച്ചതിനു തൊട്ടു പുറകേയാണ് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള വിഭാഗവും തിരക്കിട്ട് നേതൃയോഗം വിളിച്ചത്(Janata Dal Secular Working Committee And National Convention).
ദേവഗൗഡ വിളിച്ച ജെ ഡി എസ് ദേശീയ വര്‍ക്കിങ്ങ് കമ്മിറ്റി യോഗം ഇന്ന് ബംഗളൂരുവില്‍ നടക്കുകയാണ്. ബിജെപിയുമായി ചേരാനുള്ള തീരുമാനമെടുത്ത ശേഷം ദേവഗൗഡ വിഭാഗം വിളിച്ച ആദ്യ ദേശീയ വര്‍ക്കിങ്ങ് കമ്മിറ്റിയോഗമാണിത്. കര്‍ണാടകയില്‍ ജെഡി എസിനുള്ള 19 എം എല്‍ എ മാരില്‍ ഭൂരിഭാഗം പേരും തങ്ങള്‍ക്കൊപ്പമാണെന്ന് എച്ച ഡി കുമാരസ്വാമി അവകാശപ്പെട്ടിട്ടുണ്ട്. അതേസമയം കേരളം കര്‍ണാടകം, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, സംസ്ഥാന ഘടകങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ജെ ഡി എസില്‍ നിന്ന് പുറത്താക്കപ്പെട്ട കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിം അവകാശപ്പെട്ടു.
"ജെഡി എസ് അണികള്‍ ബിജെപിയുമായുള്ള സഖ്യം അംഗീകരിക്കില്ല. ദേവഗൗഡയും കുമാരസ്വാമിയും ഏകപക്ഷീയമായാണ് ഈ തീരുമാനം എടുത്തത്. അതുകൊണ്ടു തന്നെ ദേവഗൗഡയെ പുറത്താക്കാനുള്ള തീരുമാനം ദേശീയ എക്സിക്യൂട്ടിവ് യോഗത്തിലുണ്ടാവും. എം എല്‍ എമാരില്‍ പന്ത്രണ്ട് പേര്‍ ഞങ്ങള്‍ക്കൊപ്പമാണ്. അഞ്ചുപേര്‍ സമ്പര്‍ക്കത്തിലുമാണ്. ആരൊക്കെ ഞങ്ങളോടൊപ്പമുണ്ടെന്ന് ജനുവരിയോടെ വ്യക്തമാകും. മതേതരത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടി നേതാക്കളൊക്കെ തിങ്കളാഴ്ചത്തെ എക്സിക്യൂട്ടീവ് യോഗത്തിനെത്തും. " സി.എം ഇബ്രാഹിം പറഞ്ഞു.
ബജ്രംഗ് ദള്‍ പോലും നടത്താത്ത തരത്തിലുള്ള പ്രസ്‌താവനകളാണ് കുമാരസ്വാമി നടത്തുന്നത്. ദേവഗൗഡയെ അദ്ദേഹം സമ്മര്‍ദ്ദത്തിലാക്കുകയാണ്. രേവണ്ണയും ഭീതിയിലാണ്. ദേവഗൗഡ പിന്നാമ്പുറത്തു കൂടെയാണ് അമിത് ഷായെ കണ്ടതെങ്കില്‍ കുമാരസ്വാമി മുന്‍ വാതില്‍ വഴി തന്നെയാണ് ബിജെപി കൂടാരത്തില്‍ ചെന്നത്". ബി വൈ വിജയേന്ദ്രയുടേയും ആര്‍ അശോകയുടേയും നേതൃത്വം അംഗീകരിക്കാന്‍ കുമാരസ്വാമി തയ്യാറാകുമോയെന്നും സി എം ഇബ്രാഹിം ചോദിച്ചു. ജെ ഡി എസിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ താന്‍ മതേതര ശക്തികളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കും. നിതീഷ് കുമാറിനേയും അഖിലേഷ് യാദവിനേയും വൈകാതെ സന്ദര്‍ശിക്കും. തിങ്കളാഴ്ച കഴിഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം കര്‍ണാടക പര്യടനം ആരംഭിക്കുമെന്നും ഇബ്രാഹിം പറഞ്ഞു.