ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച (ഏപ്രില്‍ 24) രാവിലെ ജമ്മു കശ്‌മീരിലെത്തും. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. പഞ്ചായത്തി രാജ് ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി കശ്‌മീരിലെത്തുന്നത്.
ഈ വർഷത്തെ പഞ്ചായത്തി രാജ് ദിവസത്തിലെ ചടങ്ങുകൾക്ക് ജമ്മുവിലെ പല്ലി പഞ്ചായത്താണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇവിടെനിന്നും പ്രധാനമന്ത്രി രാജ്യത്തെ പഞ്ചായത്തുകളെ അഭിസംബോധന ചെയ്‌ത് സംസാരിക്കും. എല്ലാ വർഷവും ഏപ്രിൽ 24 ആണ് പഞ്ചായത്തി രാജ് ദിനമായി ആചരിക്കുന്നത്.
'20,000 കോടിയുടെ വികസനം': ജമ്മു കശ്‌മീരിലെ 30,000ലധികം പഞ്ചായത്തി രാജ് സ്ഥാപന അംഗങ്ങൾ മോദിയുടെ സമ്മേളനത്തിൽ പങ്കെടുക്കും. രാജ്യത്തിന്‍റെ മറ്റ് ഭാഗത്ത് നിന്നുള്ള അംഗങ്ങൾ വെർച്വലായും പരിപാടിയില്‍ പങ്കെടുക്കും. 20,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.
കശ്‌മീരിലെ വ്യാവസായിക, അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയത്. പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കുന്ന സ്ഥലത്തുനിന്ന് 17 കിലോമീറ്റർ അകലെ നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ചാവേർ ആക്രമണത്തിന് ശ്രമിച്ചിരുന്നു.
ALSO READ| പഞ്ചായത്തി രാജ് ആചരിക്കാൻ പ്രധാനമന്ത്രി ജമ്മുവിൽ; പല്ലി ഗ്രാമത്തിന്‍റെ സുരക്ഷ ശക്തമാക്കി
വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ രണ്ട് പാക് ഭീകരരെ വധിച്ചാണ് ഈ ശ്രമം പരാജയപ്പെടുത്തിയത്. ഈ സംഭവത്തില്‍, സി.ഐ.എസ്.എഫിലെ ഒരു ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. തുടർന്ന്, വന്‍ തോതിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.