ശ്രീനഗർ:റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രാലയം ജനുവരി 26 മുതൽ 31 വരെ സംഘടിപ്പിക്കുന്ന വെർച്വൽ ഭാരത് പാർവ് 2021ന്‍റെ ഭാഗമാകാനൊരുങ്ങി ജമ്മു കശ്‌മീർ. ജമ്മു കശ്‌മീർ ടൂറിസം വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ഉത്‌പന്നങ്ങൾ എന്നിവയെ കൂടാതെ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, പാചകരീതി, കരകൗശല വസ്‌തുക്കൾ തുടങ്ങിയവ ഇവയിലൂടെ പ്രദർശിപ്പിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നാണ് ഭാരത് പർവ് വെർച്വലായി നടത്താൻ തീരുമാനിച്ചത്. ഭാരത് പർവ് പശ്ചാതലത്തിനായി ടൂറിസം മന്ത്രാലയം 3ഡി റെൻഡറിംഗ് സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്‌റ്റാളുകൾ, വീഡിയോകൾ, ചിത്രീകരണങ്ങൾ എന്നിവ കാണാൻ സാധിക്കും. സാംസ്‌കാരിക പ്രകടനങ്ങളും എക്‌സ്‌ക്ലൂസീവ് വെർച്വൽ തിയറ്ററിലായിരിക്കും സംഘടിപ്പിക്കുക.
ദിവസേന പങ്കെടുക്കുന്നവരുടെയും സന്ദർശകരുടെയും എണ്ണം ട്രാക്ക് ചെയ്യാൻ കഴിയുന്ന ഒരു ഉപയോക്തൃ മാനേജ്‌മെന്‍റ് സിസ്‌റ്റവും സജ്ജമാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിന് വൈകുന്നേരം ആറു മണി മുതൽ ഭാരത് പർവ് ഓൺലൈനായി ആരംഭിക്കും.