ന്യൂഡല്‍ഹി: പശുവിനെ കടത്തിയെന്നാരോപിച്ച് രണ്ട് രാജസ്ഥാന്‍ സ്വദേശികളെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി മുസ്‌ലിം സംഘടനയായ ജംഇയത്ത് ഉലമ ഇ ഹിന്ദ്. സംഭവത്തെ പ്രാകൃതവും മനുഷ്യത്വരഹിതവുമെന്ന് വിശേഷിപ്പിച്ച ജംഇയത്ത് പ്രസിഡന്‍റ് മൗലാന മഹമൂദ് മദനി വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ഫെബ്രുവരി 16 ഹരിയാനയിലെ ഭിവാനി ജില്ലയിലെ ലൊഹാരുവില്‍ കാറിനുള്ളില്‍ നിന്നാണ് രണ്ട് യുവാക്കളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
രാജസ്ഥാന്‍ ഭരത്പൂര്‍ ജില്ലയിലെ ഘട്‌മീക ഗ്രാമവാസികളായ നസീർ (25), ജുനൈദ് (35) എന്നിവരായിരുന്നു മരിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും സമാന രീതിയില്‍ ജനുവരി 28ന് ഹരിയാനയിലെ മേവാത്ത് ജില്ലയില്‍ ഒരു യുവാവ് കൊല്ലപ്പെട്ടിട്ടുണ്ടെന്നും ജംഇയത്ത് പ്രസിഡന്‍റ് മൗലാന മഹമൂദ് മദനി പറഞ്ഞു. മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിനെതിരായി നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളെല്ലാം രാജ്യത്ത് ധ്രുവീകരണം നടത്താനും സമാധാന അന്തരീക്ഷം തകര്‍ക്കാനുമുള്ള ശ്രമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
രാജസ്ഥാന്‍ സ്വദേശികളുടെ മരണത്തില്‍ പങ്കുള്ള അഞ്ച് പേരെ പൊലീസ് പിടികൂടിയിരുന്നു. സംഭവത്തില്‍ പ്രതിയായ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍റെ ആയുധ ലൈസൻസ് റദ്ദാക്കാൻ ഹരിയാന അധികൃതർ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇന്നലെ കേസ് പരിഗണിച്ച രാജസ്ഥാന്‍ കോടതി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡില്‍ വിടുകയായിരുന്നു.
പശു സംരക്ഷകര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് ഓരോ കുറ്റകൃത്യങ്ങളും നടത്തുന്ന പലര്‍ക്കും പലപ്പോഴും സംസ്ഥാനങ്ങളുടെ സംരക്ഷണം ലഭിക്കാറുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് പൊലീസും സംസ്ഥാന ഭരണകൂടങ്ങളുമാണ്. എന്നാല്‍ ഇവിടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ സഹായിക്കുന്ന നിലപാടാണ് അധികാരികള്‍ സ്വീകരിക്കുന്നതെന്നും മഹമൂദ് മദനി ആരോപിച്ചു.
ഇത്തരത്തില്‍ പ്രാകൃതവും അപരിഷ്‌കൃതവും മനുഷ്യത്വരഹിതവുമായ പ്രവൃത്തികള്‍ എവിടെയും വച്ചുപൊറുപ്പിക്കാനാകില്ലെന്നും മദനി പറഞ്ഞു. സംഭവത്തില്‍ പ്രതികള്‍ക്കെതിരായ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തിലും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്ക് പുറമെ കേസില്‍ വീഴ്‌ച വരുത്താന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.