അസം: ജിഹാദികളുമായി ബന്ധമുള്ള സഹാരിയ ഗ്രാമമായ മൈരാബാരിയിലെ ജാമിഉൽ ഹുദാ മദ്രസ ഒഴിപ്പിച്ചു. കനത്ത സുരക്ഷയ്ക്ക് നടുവിലാണ് ഒഴിപ്പിക്കല്‍ നടന്നത്. ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മദ്രസ പൂർണമായും തകർത്തു.
പ്രദേശവാസികളെ ആരേയും പൊലീസ് പ്രദേശത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ജൂലൈ 28 നാണ് ഭരണകൂടം മദ്രസ പൂട്ടിയത്. മദ്രസയിൽ ജിഹാദികളുടെ പ്രവർത്തനം നടക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്‌ഡ്.
ബംഗ്ലാദേശി ഭീകര സംഘടനയായ അൻസറുള്ള ബംഗ്ലാ ചുംകായ് (എബിടി)യുമായി മദ്രസക്ക് ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു. പ്രതികളിൽ നിന്ന് വിവിധ രേഖകൾ പോലീസ് കണ്ടെടുത്തു. മദ്രസ മേധാവി മുഫ്‌തി മുസ്‌തഫയെ ബുധനാഴ്‌ച പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അമീർ ഉദീൻ എന്നയാൾ ബംഗ്ലാദേശിൽ നിന്നും മറ്റു വിവിധ രാജ്യങ്ങളിൽ നിന്നും പണം നിക്ഷേപിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സമീപത്തെ മദ്രസയിലെ 11 അധ്യാപകരേയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. മുഫ്‌തി മുസ്‌തഫ 2019 മുതൽ ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകളുമായി പണമിടപാട് നടത്തിവരികയും വിദേശ തീവ്രവാദികൾ എന്ന് സംശയിക്കുന്നവർക്ക് മദ്രസയിൽ അഭയം നൽകുകയും ചെയ്‌തതായി ആരോപണമുണ്ട്.