ഡല്‍ഹി: പെണ്‍കുട്ടികള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടിസ് പതിച്ച് ഡല്‍ഹിയിലെ ജമാ മസ്‌ജിദ് അധികൃതര്‍. പെണ്‍കുട്ടികള്‍ പള്ളിയില്‍ കൂട്ടമായോ തനിച്ചോ പ്രവേശിക്കാന്‍ പാടില്ല എന്ന നോട്ടിസാണ് പ്രവേശന കവാടങ്ങളില്‍ പതിച്ചിരിക്കുന്നത്. ഹിന്ദിയിലും ഉറുദുവിലുമാണ് നോട്ടിസ്.
പള്ളി അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. പിന്തിരിപ്പന്‍ തീരുമാനമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് വിമര്‍ശനം. ഡല്‍ഹി വനിതാകമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ സംഭവത്തില്‍ അധികൃതര്‍ക്കെതിരെ നോട്ടിസ് അയച്ചിരിക്കുകയാണ്. പ്രാര്‍ഥനയുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കുമുണ്ടെന്ന് ഡല്‍ഹി വനിതാകമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
"ജമാ മസ്‌ജിദിനുള്ളില്‍ സ്ത്രീകളെ തടഞ്ഞുകൊണ്ടുള്ള തീരുമാനം തെറ്റാണ്. പള്ളിയുടെ ഇമാമിന് ഈ കാര്യത്തില്‍ നോട്ടിസ് അയക്കാന്‍ പോവുകയാണ്. സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ ആര്‍ക്കും അവകാശമില്ല", മലിവാള്‍ ട്വീറ്റ് ചെയ്‌തു.
എന്നാല്‍ ഷാഹി ഇമാമ് (ജമാ മസ്‌ജിദ് ഇമാമിനെ ഷാഹി ഇമാമ് എന്നാണ് വിളിക്കുന്നത്) സയിദ് അഹമ്മദ് ബുക്കാരി വിശദീകരണവുമായി രംഗത്ത് വന്നു. പ്രാര്‍ഥിക്കാന്‍ വരുന്ന സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിന് ഒരു നിരോധനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില പെണ്‍കുട്ടികള്‍ തനിച്ച് വരികയും അവരുടെ കാമുകന്മാര്‍ക്കായി പള്ളിയില്‍ കാത്തിരിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.