വാഷിങ്ടൺ : വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും യുഎസ് കോർപ്പറേറ്റ് നേതാക്കളും തമ്മിൽ ചർച്ച നടത്തിയെന്ന് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്‌ണർഷിപ്പ് ഫോറം മേധാവി മുകേഷ് അഗി. 'നിക്ഷേപം വർധിപ്പിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാങ്കേതിക വിദ്യ കൈമാറ്റം എന്നിവയായിരുന്നു വിഷയങ്ങൾ. ചർച്ചയുടെ ഫലമായി ഇന്ത്യയുമായുള്ള അമേരിക്കന്‍ കമ്പനികളുടെ പ്രതിബദ്ധത കൂടുതൽ ശക്തമാക്കാൻ സാധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യുഎസ് കമ്പനികളുടെ ഇന്ത്യയിലെ എഫ്‌ഡിഐ നിക്ഷേപം 20 ശതമാനം വർധിച്ചിട്ടുണ്ട്. അതിനാല്‍ കൂടുതൽ നിക്ഷേപങ്ങൾക്കായി യുഎസ് കമ്പനികളുടെ താത്പര്യം വർധിച്ചു' - അഗി വ്യക്തമാക്കി.
Also Read: ലക്ഷദ്വീപില്‍ കേന്ദ്രം ഹിതപരിശോധനയ്ക്ക് തയ്യാറാകണം: ഹൈദരലി ശിഹാബ് തങ്ങൾ
ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ കമ്പനികൾ വാക്സിൻ വിതരണം സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുകയാണ്. ജോൺസൺ ആൻഡ് ജോൺസൺ ബയോ-ഇ യുമായി സഹകരിച്ച് ഒരു ബില്യൺ ഡോസ് വാക്സിൻ നിർമിക്കാനും ഇന്തോ-പസഫിക് മേഖലയിലുടനീളം വിതരണം ചെയ്യാനുമുള്ള ഒരുക്കത്തിലാണ്. മോഡേണയും ഫൈസറും വളരെ സങ്കീർണമായ എംആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുകൊണ്ടും രാജ്യത്ത് അവ നിർമിക്കുന്നതിനാവശ്യമായ പരിശീലനം ലഭിച്ച വ്യക്തികളുടെയും ഉപകരണങ്ങളുടെയും അഭാവം കൊണ്ടും ഉത്പാദന ശേഷി വിപുലീകരിക്കാനുള്ള ശ്രമങ്ങളിലാണ്. ഫൈസർ ഈ വർഷം 1.2 ബില്ല്യൺ ഡോസ് വാക്സിനും അടുത്ത വർഷം രണ്ട് ബില്യൺ ഡോസ് വാക്സിനും ഉത്പാദിപ്പിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും അഗി പറഞ്ഞു.
ഇന്ത്യയും യുഎസും പഴയതുപോലെ ബിസിനസിലേക്ക് മടങ്ങി വരുന്നതിന് കൊവിഡ് രണ്ടാംതരംഗം തടസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.