ഓസ്‌കർ അവാർഡ് ഓർഗനൈസേഷന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ജയ് ഭീം സിനിമ. 12 മിനുട്ട് 47 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ചിത്രത്തിന്‍റെ തുടക്കവും ശേഷം സംവിധായകൻ ജ്ഞാനവേൽ ചിത്രത്തെ കുറിച്ച് പറയുന്നതുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആൻഡ് സയൻസസിന്‍റെ യൂട്യൂബ് ചാനലിൽ ചിത്രത്തിലെ ചില പ്രസക്‌ത ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ആദിവാസി വിഭാഗക്കാരോട് ജാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വേർതിരിവ് കാണിക്കുന്നതാണ് ചിത്രത്തിന്‍റെ ആദ്യ ഭാഗങ്ങൾ. സിനിമയുടെ പ്രമേയം തന്നെയാണ് ആ ഭാഗങ്ങൾ വെളിപ്പെടുത്തുന്നത് എന്ന് വീഡിയോയിൽ സംവിധായകൻ ജ്ഞാനവേൽ പറയുന്നു.
അടിച്ചമർത്തപ്പെട്ടവരെ ജാതിയുടെ അടിസ്ഥാനത്തിൽ സ്ഥിരം കുറ്റവാളികളായി മുദ്രകുത്താൻ ശക്തമായ ഒരു സംവിധാനത്തിന് വളരെ എളുപ്പം കഴിയും. അധികാരമുള്ള വ്യക്തിക്ക് പ്രശ്‌നം വന്നാൽ അവരുടെ മുഴുവൻ സമൂഹവും അതിനെതിരെ പോരാടും. എന്നാൽ ആദിവാസികളെപ്പോലുള്ള ന്യൂനപക്ഷങ്ങളുടെ സ്ഥിതി അതല്ല എന്നും സംവിധായകൻ പറയുന്നു.
ലോകത്തിലെ തന്നെ ഏറ്റവും മോശമായ വിവേചനമാണ് വംശീയതയെന്നാണ് പറയപ്പെടുന്നത്. എന്നാൽ ജാതീയതയിൽ വിവേചനത്തിന്‍റെ പല തലങ്ങളുണ്ട്. ജാതീയത പാരമ്പര്യമാണ്. അതിൽ ഉയർച്ച സാധ്യമല്ല. ഈ സിനിമ ആദിവാസികൾ പൊലീസ് കസ്റ്റഡിയിൽ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് മാത്രമല്ല. ജാതി വിവേചനം എങ്ങനെയാണ് കസ്റ്റഡി വിവേചനത്തിന്‍റെ അടിസ്ഥാനമാകുന്നത് എന്നതിനെക്കുറിച്ച് കൂടിയാണെന്നും സംവിധായകൻ വ്യക്തമാക്കുന്നു.
തമിഴ് താരം സൂര്യ, ലിജോ മോൾ ജോസ്, മണികണ്ഠൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജ്ഞാനവേലിന്‍റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് സൂര്യയുടെ 2D എന്‍റർടെയ്‌ൻമെന്‍റ് ആണ്.
Also Read: 26th IFFK postponed: രാജ്യാന്തര ചലച്ചിത്ര മേള മാറ്റിവച്ചു