ഹൈദരാബാദ്: മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ് ശർമിള രാഷ്‌ട്രീയ പ്രവേശനത്തിന് തയ്യാറാകുന്നു. പുതിയ പാർട്ടി രൂപീകരിച്ചുകൊണ്ടാകും ശർമിള സജീവ രാഷ്‌ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുക. വൈഎസ്ആറിന്‍റെ ജന്മദിനമായ ജൂലൈ എട്ടിനാകും പാർട്ടി പ്രഖ്യാപനം. 2023ൽ നടക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു ശർമിളയുടെ നീക്കങ്ങളെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വൈഎസ്ആറിന്‍റെ വിശ്വസ്‌തരിൽ നിന്ന് ശർമിള നിർദേശങ്ങളും അഭിപ്രായങ്ങളും ചോദിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാനത്തിന്‍റെ രാഷ്‌ട്രീയ സാഹചര്യം മനസിലാക്കണം. അവരിൽ നിന്നുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും അറിയണമെന്നും അതിനായാണ് നൽഗൊണ്ട ജില്ലയിൽ നിന്നുള്ള ആളുകളെ വിളിച്ചതെന്നും വൈഎസ് ശർമിള പറഞ്ഞു. എന്നാൽ രാഷ്‌ട്രീയ പാർട്ടി രൂപീകരണത്തെപ്പറ്റിയുള്ള നേരിട്ടുള്ള ചോദ്യങ്ങൾക്ക് ശർമിള പ്രതികരിച്ചില്ല. രാജശേഖർ റെഡ്ഡി ഭരണം ഇപ്പോഴില്ലെന്നും എന്തുകൊണ്ട് വരാൻ പാടില്ലെന്നും ശർമിള ചോദിക്കുന്നു.
ശർമിളയുടെ തീരുമാനത്തെ അമ്മ വൈ.എസ്. വിജയലക്ഷ്മി പിന്തുണച്ചിരുന്നു. ശർമിളയും വൈ.എസ്. വിജയലക്ഷ്മിയും 2019ലെ തെരഞ്ഞെടുപ്പിന് ശക്തമായി പ്രചാരണം നടത്തിയിരുന്നു. വൈഎസ്ആർ കോൺഗ്രസിന്‍റെ മികച്ച വിജയത്തിന് ശേഷം ശർമിളയെ പൊതുസമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. തെലങ്കാനയിൽ വൈഎസ്ആർ കോൺഗ്രസിന്‍റെ സാന്നിധ്യമുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. 2012ൽ ക്വിഡ് പ്രോ ക്വോ കേസുമായി ബന്ധപ്പെട്ട് ജഗൻ ജയിലിലായിരുന്ന സമയത്ത് ശർമിള നയിച്ച പദയാത്ര ശ്രദ്ധ നേടിയിരുന്നു.
2004-2009 കാലഘട്ടത്തിൽ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു വൈ എസ് ആർ എന്നറിയപ്പെടുന്ന വൈഎസ് രാജശേഖര റെഡ്ഡി. 2009ൽ ഹെലികോപ്‌റ്റർ അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. തെലങ്കാന രാഷ്ട്ര സമിതിയാണ് (ടിആർഎസ്) തെലങ്കാനയിൽ സജീവമായുള്ളത്. 2014ൽ ആന്ധ്രയും തെലങ്കാനയുമായി സംസ്ഥാനം വിഭജിക്കപ്പെട്ട ശേഷം തെലങ്കാനയിലെ വൈഎസ്ആർ അനുയായികൾ പ്രവർത്തിക്കാൻ അവസരമില്ലാതെ ഒതുങ്ങിക്കഴിയുകയായിരുന്നു. എന്നാൽ തെലങ്കാനയിൽ സജീവമാകുന്നെന്ന സഹോദരിയുടെ പ്രഖ്യാപനത്തോടു ജഗൻ മോഹൻ പ്രതികരിച്ചിട്ടില്ല.