ഗഡ്‌ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്‌ചിരോളി ജില്ലയിൽ 'ബൈക്ക് ആംബുലൻസ്' സൗകര്യം ആരംഭിച്ചു. വിദൂര ആദിവാസി മേഖലകളിൽ പ്രാഥമിക ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ബൈക്ക് ആംബുലൻസ് പദ്ധതി. ഗഡ്‌ചിരോളിയിലെ അസിസ്റ്റന്‍റ് കലക്‌ടറും ഇന്‍റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്‌മെന്‍റ് പ്രൊജക്‌ടിന്‍റെ (ഐടിഡിപി) പ്രൊജക്‌ട് ഓഫിസറുമായ ശുഭം ഗുപ്‌തയാണ് പദ്ധതി ആരംഭിച്ചത്.
ഗഡ്‌ചിരോളി വികസനം, ഓരോ പൗരന്‍റെയും അവകാശമായ പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പിന്നിലെ ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്‌തുകൊണ്ട് ഗുപ്‌ത പറഞ്ഞു. ബൈക്ക് ആംബുലൻസിൽ സാധാരണ രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള അടിസ്ഥാന മരുന്നുകൾ അടങ്ങിയ മെഡിക്കൽ കിറ്റുകൾ ഉണ്ടായിരിക്കും. കൂടാതെ ഒരു ഫസ്റ്റ് എയ്‌ഡ് ബോക്‌സും ഓക്‌സിജൻ സിലിണ്ടറും ഉണ്ടായിരിക്കും. ബൈക്ക് ആംബുലൻസിന്‍റെ സൈഡ്‌കാർ പോലെ ഘടിപ്പിച്ചിരിക്കുന്ന ബെഡിൽ രോഗിയെ കിടത്താം.
റോഡ് കണക്റ്റിവിറ്റി വികസിപ്പിച്ചിട്ടില്ലാത്ത വിദൂര ഗ്രാമങ്ങളിൽ നിന്ന് ഉപകേന്ദ്രങ്ങളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും (PHC) ചികിത്സയ്ക്കായി രോഗികളെ എത്തിച്ച് പ്രാഥമിക ആരോഗ്യ പരിരക്ഷ നൽകുക എന്നതാണ് ബൈക്ക് ആംബുലൻസുകൾ അവതരിപ്പിക്കുന്നതിന്‍റെ പ്രധാന ആശയമെന്ന് ശുഭം ഗുപ്‌ത വ്യക്തമാക്കി. ആദ്യ വർഷം, ഇന്ധനച്ചെലവും ഡ്രൈവർമാരുടെ ശമ്പളവും മറ്റ് ചെലവുകളും ഐടിഡിപി വഹിക്കും. രണ്ടാം വർഷം മുതൽ ജില്ല പരിഷത്ത് പദ്ധതി ഏറ്റെടുക്കുമെന്നും ഗുപ്‌ത കൂട്ടിച്ചേർത്തു.
ഡോക്‌ടർമാരുടെയോ ആംബുലൻസുകളുടെയോ അഭാവത്തിൽ വിദൂര ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിപ്പെടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു. കൂടാതെ നവജാത ശിശു മരണം, പ്രസവത്തോടെയുള്ള സ്‌ത്രീകളുടെ മരണം എന്നിവയുടെ നിരക്ക് കുറയ്‌ക്കാനും ബൈക്ക് ആംബുലൻസുകൾ ലക്ഷ്യമിടുന്നതായി മ്രഗഡിലെ മെഡിക്കൽ ഓഫിസർ ഡോ ഭൂഷൺ ചൗധരി പറഞ്ഞു.