ചെന്നൈ : റോക്കറ്റ് സ്റ്റാർട്ടപ്പായ അഗ്നികുൾ കോസ്‌മോസിന്, ഫ്ലൈറ്റ് ടെർമിനേഷൻ സിസ്റ്റം (എഫ്‌ടിഎസ്) കൈമാറിയെന്ന് ഐഎസ്‌ആര്‍ഒ. റോക്കറ്റില്‍ ഘടിപ്പിക്കാവുന്ന സ്വയം നശിപ്പിക്കാന്‍ ശേഷിയുള്ള സംവിധാനമാണ് ഫ്ലൈറ്റ് ടെർമിനേഷൻ സിസ്റ്റം. വിക്ഷേപണത്തിന് ശേഷം ജനവാസ മേഖലകള്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ സഞ്ചാരപാതയില്‍ നിന്ന് തെന്നിമാറുകയോ അപകടത്തില്‍പ്പെടുകയോ ചെയ്യുമ്പോള്‍ ഈ സിസ്റ്റം പ്രവര്‍ത്തനക്ഷമമാകുന്നു.
ഫ്ലൈറ്റ് ടെർമിനേഷൻ സിസ്റ്റം സജ്ജീകരിക്കുന്നതും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് അഗ്നികുൾ കോസ്‌മോസിന്‍റെ റോക്കറ്റായ അഗ്നിബാനില്‍ ഘടിപ്പിക്കുന്നതിനായി എഫ്‌ടിഎസ് ഐഎസ്‌ആര്‍ഒ കൈമാറിയത്. ഇന്ത്യയിൽ നിർമിച്ച ഒരു സ്വകാര്യ ലോഞ്ച് വെഹിക്കിളിനെ പിന്തുണയ്ക്കുന്നതിനായി ഇതാദ്യമായാണ് ഐഎസ്ആർഒയുടെ ലോഞ്ച് വെഹിക്കിളുകളില്‍ ഉപയോഗിക്കുന്ന സംവിധാനം കൈമാറുന്നത്.
ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന സബ്-ഓർബിറ്റൽ ലോഞ്ചറില്‍ സംവിധാനം ഉപയോഗിക്കുമെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു. അഗ്നിബാന്‍റെ ആദ്യ പരീക്ഷണ വിക്ഷേപണം ഈ വര്‍ഷം അവസാനത്തോടെ നടത്താനുള്ള പരിശ്രമത്തിലാണ് തങ്ങളെന്ന് അഗ്നികുള്‍ കോസ്‌മോസ് സ്ഥാപകനും സിഇഒയുമായ ശ്രീനാഥ് രവിചന്ദ്രൻ പറഞ്ഞു. 2006-ൽ ഫ്ലൈറ്റ് ടെർമിനേഷൻ സിസ്റ്റം ഉപയോഗിച്ച് ഐഎസ്ആർഒ ഒരു ജിയോ സിൻക്രണൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജിഎസ്എൽവി) നശിപ്പിച്ചിരുന്നു.
സഞ്ചാരപാതയില്‍ നിന്ന് തെന്നിമാറി അപകട സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. ചരിത്രത്തില്‍ ആദ്യമായാണ് ഐഎസ്‌ആര്‍ഒ തങ്ങളുടെ ഉപഗ്രഹവാഹക റോക്കറ്റ് വായുവിൽ വച്ച് നശിപ്പിച്ചത്. അടുത്തുള്ള ജനവാസ മേഖലയിലേയ്ക്ക് റോക്കറ്റിന്‍റെ അവശിഷ്‌ടങ്ങള്‍ വീഴാനുള്ള സാധ്യത കണക്കിലെടുത്താണ് റോക്കറ്റ് നശിപ്പിച്ചതെന്ന് അന്നത്തെ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ വ്യക്തമാക്കിയിരുന്നു.